കിരീടങ്ങളുടെ എണ്ണം നോക്കിയല്ല, വ്യക്തിഗത മികവിനാണ് ബാലൺ ഡി ഓർ നൽകേണ്ടതെന്ന് ഫ്രാൻസ് ഫുട്ബോൾ ചീഫ്

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങളുടെ എണ്ണമെടുത്താൽ നിരവധി പേരുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസിയാണ് ഏറ്റവും സാധ്യതയുള്ള താരമായി കരുതപ്പെടുന്നതെങ്കിലും അതിനു പുറമെ ഫ്രഞ്ച് താരമായ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേട്ടം സ്വന്തമാക്കിയ എർലിങ് ഹാലാൻഡ് എന്നിവരെല്ലാം ബാലൺ ഡി ഓർ സാധ്യതയുള്ള താരങ്ങളായി ഏവരും വിലയിരുത്തുന്നു.

എന്നാൽ കിരീടനേട്ടങ്ങൾ കൂടുതലുള്ളതിനാൽ ബാലൺ ഡി ഓർ സാധ്യത വർധിക്കും എന്നു കരുതാൻ കഴിയില്ലെന്നാണ് പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ചീഫ് ഇൻ എഡിറ്റർ പറയുന്നത്. മുൻ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലെ താരങ്ങൾക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്നതിൽ മുൻ‌തൂക്കം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൽ മാറ്റം വരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

“ഓരോ താരത്തിന്റെയും വ്യക്തിഗത പ്രകടനമാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള നിർണായകമായ ഘടകമായും ആദ്യമായി പരിഗണിക്കേണ്ടതുമായ കാര്യം. ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടിങ് നൽകുന്നതിനു മുൻപ് തന്നെ വോട്ടിങ് കമ്മിറ്റിയെ ഞങ്ങൾ ഇക്കാര്യം അറിയിക്കും.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഫ്രാൻസ് ഫുട്ബോൾ ചീഫായ വിൻസെന്റ് ഗാർസിയ വ്യക്തമാക്കി.

വ്യക്തിഗത പ്രകടനം എടുത്തു നോക്കിയാലും ലയണൽ മെസി തന്നെയാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യതയുള്ള താരമായി നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ അർജന്റീനക്കും പിഎസ്‌ജിക്കും വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. അതുകൊണ്ടു തന്നെ എട്ടാം തവണയും അർജന്റീന താരം തന്നെ പുരസ്‌കാരം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

You Might Also Like