സെഞ്ച്വറിയുമായി ശ്രേയസ്, തകര്‍ത്തടിച്ച് ഇഷാന്‍, ഫിനിഷറായി സഞ്ജു, ദക്ഷിണാഫ്രിക്കന്‍ വധം നടത്തി യുവ ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 1-1ന് ഒപ്പത്തിനൊപ്പമെത്തി.

സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും നിര്‍ഭാഗ്യം കൊണ്ട് മാത്രം സെഞ്ച്വറി നഷ്ടമായ ഇഷാന്‍ കിഷന്റെയും ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ഫിനിഷറുടെ റോളിലും തിളങ്ങി.

111 പന്തില്‍ 15 ഫോര്‍ സഹിതം പുറത്താകാതെ 113 റണ്‍സാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ശ്രേയസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും കണ്ടെത്തി. ഇഷാന്‍ കിഷനാകട്ടെ 84 പന്തില്‍ നാല് ഫോറും ഏഴ് കൂറ്റന്‍ സിക്‌സും സഹിതം 93 റണ്‍സാണ് നേടിയത്. ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇഷാന്‍ കിഷനും സ്വന്തമാക്കിയത്.

ഇരുവരു മൂന്നാം വിക്കറ്റില്‍ 161 റണ്‍സാണ് കൂട്ടിച്ചേര്‍ത്താണ്. പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ഒരു ഫിനിഷര്‍ എങ്ങനെയായിരിക്കണമെന്ന ഉത്തമ ഉദാഹരണമായി മാറി. 36 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ശ്രേയസും സഞ്ജുവും നാലാം വിക്കറ്റില്‍ അഭേദ്യമായ 71 റണ്‍സാണ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇത്തവണയും തിളങ്ങാനായില്ല. ശിഖര്‍ ധവാന്‍ 20 പന്തില്‍ ഒരു സിക്‌സ് സഹിതം 13 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍ 26 പന്തില്‍ അഞ്ച് ഫോറടക്കം 28 റണ്‍സെടുത്ത് മടങ്ങി.

ദക്ഷിണാഫ്രിക്കയ്ക്കായി ബോനില്‍ ഫോര്‍ട്ടൂന്‍, വെയ്ന്‍ പാര്‍നെല്‍, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 278 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

You Might Also Like