തായ്‌ലന്റിനോട് തോറ്റ പാകിസ്ഥാനോട് തോറ്റ് ടീം ഇന്ത്യ! ദയനീയം

വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ 124ന് പുറത്താകുകയായിരുന്നു. 13 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നിത്. കഴിഞ്ഞ മത്സരത്തില്‍ തായ്‌ലന്റിനോട് തോറ്റ പാകിസ്ഥാന് പുതുജീവന്‍ നല്‍കുന്നതായി ഈ വിജയം.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഷ്ര സന്ധുവാണ് ഇന്ത്യയെ തകര്‍ത്തത്. സാദിയ ഇഖ്ബാല്‍, നിദ ദര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, 56 റണ്‍സ് നേടിയ ദറാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സബിനേനി മേഘന (15), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മന്ഥാന (17) ദയാലന്‍ ഹേമലത (20) സഖ്യം പ്രതീക്ഷ നല്‍കി. എന്നാല്‍ മന്ഥാനയെ പുറത്താക്കി സന്ധു പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ഹേമലതയാവട്ടെ തുബ ഹസന്റെ പന്തില്‍ ബൗള്‍ഡായി. ഇതിനിടെ പൂജ വസ്ത്രകര്‍ (5) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 65 എന്ന നിലയിലായി.

പിന്നീടെത്തിയവരില്‍ റിച്ചാ ഘോഷ് (13 പന്തില്‍ 26) മാത്രമാണ് പിടിച്ചുനിന്നത്. ദീപത് ശര്‍മ (16), ഹര്‍മന്‍പ്രീത് കൗര്‍ (12) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അവസാനിച്ചു. രാധാ യാദവ് (3), രാജേശ്വരി ഗെയ്കവാദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിംഗ് (2) പുറത്താവാതെ നിന്നു. ഐമന്‍ അന്‍വര്‍, തുബ ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ നിദ ദറാണ് (37 പന്തില്‍ പുറത്താവാത 56) ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രകര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ അര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. സിദ്രാ അമീനെ (11) പൂജയാണ് മടക്കിയത്. മുനീബ അലിയെ (17) ദീപ്തി ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അതേ ഓവറില്‍ ഒമൈമ സൊഹൈല്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ബിസ്മ മറൂഫ് (32) ദര്‍ സഖ്യമാണ് പാക് വനിതകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

You Might Also Like