ആ റെക്കോര്‍ഡുകള്‍ തനിയ്ക്ക് വേണ്ട, ഇന്ത്യ അമ്പരപ്പിക്കുന്നു

Image 3
CricketTeam India

സംഗീത് ശേഖര്‍

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തിരിച്ചുവരവില്‍ അദ്ഭുതമില്ല. പ്രത്യേകിച്ചും ഇത്തരം ട്രാക്കുകളില്‍ പ്രധാനറോള്‍ വഹിക്കുന്ന ടോസ് ഇന്ത്യയുടെ കൂടെ നിന്ന സ്ഥിതിക്ക്. അദ്ഭുതമുണ്ടായത് 10 വിക്കറ്റിനായി രവിചന്ദ്രന്‍ അശ്വിന്‍ തുടര്‍ച്ചയായി എറിയുന്ന കാഴ്ച / വിക്കറ്റ് എടുക്കാതിരിക്കാന്‍ സഹ ബൗളര്‍മാര്‍ ശ്രമിക്കുന്ന കാഴ്ച , ഇത് രണ്ടും കാണേണ്ടി വന്നില്ല എന്നതിലാണ്.
മത്സരഫലം ഇന്ത്യയുടെ കയ്യിലായിരുന്ന അവസ്ഥയില്‍ പോലും അതുണ്ടായില്ല. നീണ്ട ഇന്നിങ്‌സിന് ശേഷമുള്ള ക്ഷീണമാണെന്ന് കരുതിയാല്‍ പോലും അദ്ഭുതം തന്നെയാണ് .

10 വിക്കറ്റും സെഞ്ച്വറിയുമെന്ന മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടത്തിലേക്ക് അശ്വിനെ എത്തിക്കാന്‍ ടീമും അതിനായി അശ്വിനും എഫേര്‍ട്ട് എടുക്കാതിരുന്നത് വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നൊരു കള്‍ച്ചറിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിനപ്പുറം പോസിറ്റിവ് ആയ മാറ്റം വേറെയില്ല.വ്യക്തിഗത നേട്ടങ്ങളില്‍ അമിതമായി അഭിരമിക്കുന്ന ടീമും ആരാധകരും മാറ്റത്തിനു വിധേയരാകുന്നെങ്കില്‍ നല്ലത്. ഇവിടെ രവിചന്ദ്രന്‍ അശ്വിന്‍ ടിപ്പിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്നെങ്ങനെ വ്യത്യസ്തനാണ് താനെന്നു ഒരിക്കല്‍ കൂടെ തെളിയിച്ചെന്നു കരുതാനാണിഷ്ടം .

ആകെ വീണ 40 വിക്കറ്റുകളില്‍ 7 എണ്ണം മാത്രമാണ് പേസര്‍മാരുടെ കണക്കില്‍ എന്നിരിക്കെ രണ്ടു ടീമിലെയും പേസര്‍മാര്‍ അലങ്കാര വസ്തുക്കളായി മാറിയൊരു ചെപ്പോക്ക് പോലുള്ള പിച്ചുകളില്‍ ഒറ്റ പേസറെ മാത്രമിറക്കി ആ സ്ഥാനത്തൊരു ഓള്‍ റൗണ്ടറെയോ എക്‌സ്ട്രാ ബാറ്റ്സ്മാനെയോ ഉപയോഗിക്കുന്നതാകും രണ്ടു ടീമിനും നല്ലത്. ബെന്‍ സ്റ്റോക്ക്‌സ് ടീമിലുള്ള ഇംഗ്ലണ്ടിന് അതനായാസം സാധിക്കുമായിരുന്നു എന്നിരിക്കെ ഒരു ബാറ്റ്‌സ്മാനെ കൂടെ ഉള്‍പ്പെടുത്തി ബാറ്റിംഗ് നിര ശക്തിപ്പെടുത്താനുള്ള അവസരമാണവര്‍ കളഞ്ഞുകുളിച്ചത്.

ജോ റൂട്ടിന്റെ അസാധാരണമായ പ്രകടനങ്ങളില്ലാതെ ഇംഗ്ലണ്ടിന് ഒരു പോരാട്ടം അസാധ്യമായിരുന്നു. ആദ്യ ടെസ്റ്റില്‍ അത് നടന്നപ്പോള്‍ രണ്ടാം ടെസ്റ്റില്‍ അതുണ്ടായില്ല. ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. മൊയീന്‍ അലിയും ലീച്ചും മികച്ച രീതിയില്‍ പന്തെറിഞ്ഞു. 8 വിക്കറ്റെടുത്ത മൊയീന്‍ നല്‍കുന്ന ബൗണ്ടറി ബൗളുകള്‍ അന്തിമ വിശകലനത്തില്‍ ഇംഗ്ലണ്ടിന് പ്രശ്‌നമായിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് പതിവുപോലെ റാങ്ക് ടേണറുകളില്‍ പിടിച്ചു നില്‍ക്കാന്‍ കെല്പുള്ള ടെക്‌നിക്കുള്ള ബാറ്റ്സ്മാന്മാരുടെ അഭാവമായിരുന്നു.

ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവര്‍ക്ക് റൂട്ട് വീഴുമ്പോള്‍ 200 നപ്പുറത്തുള്ള ഒരു സ്‌കോര്‍ പോലും അപ്രാപ്യമായിരുന്നു. ജോ റൂട്ട് പിടിച്ചു നില്‍ക്കുമ്പോള്‍ പോലും മറ്റേയറ്റത്ത് കാണപ്പെടുന്ന ശൂന്യത ഇംഗ്ലണ്ടിനെ ബാധിച്ചിരുന്നു.പിടിച്ചു നില്‍ക്കലിനൊപ്പം തന്നെ സ്‌കോറിങ്ങും പ്രധാനമായ ഒരു ട്രാക്കില്‍ അതെങ്ങനെ സാധിക്കുമെന്ന് കോഹ്ലിയും അശ്വിനും കൃത്യമായി അവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു .

വിരാട് കോഹ്ലി തന്റെ പിഴവുകളെ തിരുത്തി കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ചെപ്പോക്കില്‍ കണ്ടത്. ഈ ടെസ്റ്റിലെ മനോഹരമായ അനേകം ദൃശ്യങ്ങളില്‍ ഒന്ന്. ആദ്യ ഇന്നിംഗ്സില്‍ മോയിന്‍ അലിയുടെ തകര്‍പ്പന്‍ ഓഫ് ബ്രെക്കില്‍ പന്ത് പിച്ച് ചെയ്തിടത്തെത്താതെ കാഷ്വലായി കവറിലൂടെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ കോഹ്ലി ബൗള്‍ഡ് ആകുന്നുണ്ട് . സ്റ്റമ്പ് തെറിച്ചത് കോഹ്ലി അല്‍പനേരം അവിശ്വസനീയതയോടെ നോക്കി നിന്നെങ്കിലും അത്തരമൊരു പിച്ചില്‍ അതൊരു സീരിയസ് ടെക്‌നിക്കല്‍ എറര്‍ തന്നെയായിരുന്നു. ബാറ്റ് ചെയ്യുന്നത് അത്യന്തം ദുഷ്‌കരമായൊരു ട്രാക്കില്‍ പക്ഷെ രണ്ടാം ഇന്നിങ്‌സില്‍ കോഹ്ലി ഇംഗ്‌ളീഷ് സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതൊരു ട്രീറ്റ് തന്നെയായിരുന്നു.

മോശം പന്തുകളൊന്നും തന്നെ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയ കോഹ്ലി ഞൊടിയിട കൊണ്ട് പന്തിന്റെ ഫ്ളൈറ്റും ലെങ്തും നിര്‍ണയിച്ച ശേഷം ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ചാന്‍സുകള്‍ നല്‍കാത്ത രീതിയിലുള്ള കിടയറ്റ സ്‌ട്രോക്കുകള്‍ക്കും പഴുതടച്ച പ്രതിരോധത്തിനുമൊപ്പം തന്നെ ബ്രില്യന്റ് ആയി ഷഫിള്‍ ചെയ്തു കൊണ്ട് മൊയീന്‍ അലിക്ക് തന്റെ സ്വാഭാവികമായ രീതിയില്‍ എറിയുവാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു.

ആന്‍ഡ് ദെന്‍ കംസ് ദാറ്റ് പര്‍ട്ടിക്കുലര്‍ ഡെലിവറി .ഓഫ് സ്റ്റമ്പിന് പുറത്ത് മോയിന്‍ ടോസ് ചെയ്യുന്ന പന്ത് ആദ്യ ഇന്നിംഗ്‌സിലേത് പോലെ പിച്ച് ചെയ്തതിനു ശേഷം ടേണ്‍ ചെയ്തു ഉള്ളിലേക്ക് വരുന്ന ഓഫ് ബ്രെക്ക് ആണോയെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെങ്കിലും സുന്ദരമായ ഫുട് വര്‍ക്കിന്റെ ബലത്തില്‍ പന്തിനെ കൃത്യമായി പിച്ച് ചെയ്യുന്നിടത്ത് വച്ച് മീറ്റ് ചെയ്തു കൊണ്ട് മിഡ് ഓഫിലൂടെ പറഞ്ഞയക്കുന്ന വിരാട് കോഹ്ലി കാഴ്ച തന്നെയാണ്. ബ്രില്യന്റ് ഇന്നിംഗ്‌സ് ഫ്രം ദ ലെജന്‍ഡ്.. കോഹ്ലിയുടെ കരിയറിലെ ടോപ് ഇന്നിംഗ്സുകളില്‍ ഒന്നായി പരിഗണിക്കേണ്ടി വരും ഈ ചെറിയ പക്ഷെ വലിയ അര്‍ദ്ധ സെഞ്ച്വറിയെ.

കോഹ്ലി നിര്‍ത്തിയിടത്ത് നിന്ന് അതിലും മനോഹരമായി രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്‌ളീഷ് സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതായിരുന്നു പിന്നീട് കണ്ടത്. ആദ്യ ഇന്നിംഗ്സിലെ 5 വിക്കറ്റ് നേട്ടത്തിന് ശേഷം രണ്ടാമിന്നിംഗ്സില്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറി. രോഹിത് ശര്‍മയുടെ പേരില്‍ മാത്രമായി എഴുതപ്പെടേണ്ട ചെന്നൈയിലെ രണ്ടാം ടെസ്റ്റിലെ താളുകളില്‍ പകുതി അശ്വിന്‍ തന്റെ പേരിലേക്ക് മാറ്റുന്നത് സത്യത്തില്‍ ഞെട്ടിച്ചിരുന്നു. കോപ്പിബുക്കിലുള്ള എല്ലാ ഷോട്ടുകളും കൈവശമുള്ള അശ്വിന്‍ സെറ്റായി കഴിഞ്ഞാല്‍ ക്രീസിലുള്ളതൊരു ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണോ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനാണോ എന്ന് തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കില്ല.

വിക്കറ്റിന് ഇരുവശത്തേക്കും പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകളുടെ ഒരു എക്‌സിബിഷനായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍ കളിച്ച ചെപ്പോക്ക് എപിക് . ബൗളര്‍ പന്ത് ഒരു ഫ്രാക്ഷന്‍ ഷോര്‍ട്ട് ആയി പിച്ച് ചെയ്താലുടന്‍ ബാക്ക് ഫുട്ടിലേക്ക് വെയിറ്റ് ഷിഫ്റ്റ് ചെയ്‌തൊരു ആധികാരികമായ പുള്‍ ഷോട്ട് ,അല്ലെങ്കിലൊരു കട്ട് ബൗളര്‍ പന്ത് തന്റെ ആര്‍ക്കിനുള്ളില്‍ പിച്ച് ചെയ്താല്‍ നയനമനോഹരമായ ഡ്രൈവുകള്‍ .ബാറ്റിംഗ് അതീവ ദുഷ്‌കരമായ ട്രാക്കില്‍ ബൗളറുടെ മാര്‍ജിന്‍ ഓഫ് എറര്‍ എന്നത് വളരെ ചുരുക്കി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയ അസാധാരണമായ ഇന്നിംഗ്‌സ് . വണ്‍ ഓഫ് ദ ഫൈനസ്റ്റ് ഇന്നിംഗ്‌സ് എവര്‍ പ്ലെയ്ഡ് ഇന്‍ ഇന്ത്യ .

രവീന്ദ്ര ജഡേജയെ പോലൊരു ഇമ്പാക്റ്റ് പ്ലെയറുടെ അഭാവമാണ് അശ്വിന്‍ ഫില്‍ ചെയ്യുന്നതെന്നോര്‍ക്കണം. രവിചന്ദ്രന്‍ അശ്വിന്റെ സൂപ്പര്‍ ലെറ്റിവ് പ്രകടനത്തിന് ശേഷവും ചെന്നൈയിലെ രണ്ടാം ടെസ്റ്റിലെ ഏറ്റവും ക്രൂഷ്യല്‍ പെര്‍ഫോമന്‍സ് (മികച്ചതല്ല ) രോഹിത് ശര്‍മയുടേത് തന്നെയായിരുന്നു. 8 വിക്കറ്റും സെഞ്ച്വറിയും എന്നത് ഐതിഹാസികമായ പ്രകടനമാണെന്നിരിക്കെ തന്നെ രോഹിത് ശര്‍മയുടെ ഇന്നിംഗ്സിന്റെ അഭാവത്തില്‍ ഈ ടെസ്റ്റ് തുല്യശക്തികളുടെ പോരാട്ടമാകുമായിരുന്നു.

രോഹിത് ശര്‍മയുടെ 161 തന്നെയാണ് ഇംഗ്ലണ്ടിനെ ഇക്വേഷനില്‍ നിന്നെടുത്തു കളഞ്ഞത്. മത്സരഫലത്തെ ബേസ് ചെയ്തു നോക്കുമ്പോള്‍ രോഹിത് ശര്‍മ്മ ചെപ്പോക്ക് പിച്ചിലെ ഭൂതത്തെ മെരുക്കിയ രീതിയോളം എഫക്ടീവ് ആയൊരു പ്രകടനം വേറെയുണ്ടായിരുന്നില്ല. ടോസ് ജയിച്ചതിലൂടെ കിട്ടിയ അഡ്വാന്റേജ് ഓള്‍മോസ്റ്റ് കളഞ്ഞു കുളിച്ചൊരു ബാറ്റിംഗ് നിരയുടെ പിഴവുകളില്‍ നിന്ന് ഇന്ത്യയെ അറ്റ് ലീസ്റ്റ് ഡീസന്റ് ആയൊരു സ്‌കോറിലേക്ക് നയിച്ചത് ശര്‍മയായിരുന്നു. ശര്‍മയുടെ ഇന്നിങ്‌സിന്റെ അഭാവത്തില്‍ ഇന്ത്യ ആദ്യ ദിനം തന്നെ മാനസികമായി പരാജയത്തിന് തുല്യമായ അവസ്ഥയിലേക്ക് വീണു പോകുമായിരുന്നു എന്നതാണ് സത്യം .

ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോള്‍ അനായാസം ബൗണ്ടറികള്‍ കണ്ടെത്തിക്കൊണ്ട് ഫ്രീ ഫ്ളോയിങ് മോഡില്‍ കുതിച്ച രോഹിത് മറ്റൊരു മോഡിലേക്ക് മാറുകയും ചെയ്തു. ചെപ്പോക്കിലെ ആദ്യ രണ്ടുദിവസം അനായാസം ബാറ്റ് ചെയ്യാവുന്ന ഫ്‌ലാറ്റ് ട്രാക്കെന്ന മുന്‍ ധാരണയോടെ എത്തിയ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ അതിവേഗം പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു ക്വിക്ക് സെഞ്ച്വറിക്ക് ശേഷമൊരു പുറത്താകലല്ല ചെപ്പോക്കിലെ ടേണിങ് ട്രാക്കിലെ ആദ്യ ദിവസം തന്നില്‍ നിന്നും ടീമിന് വേണ്ടതെന്ന തിരിച്ചറിവില്‍ അതീവ ശ്രദ്ധയോടെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്ന രോഹിത് ശര്‍മയായിരുന്നു ആദ്യ പകുതിയിലേക്കാള്‍ വിസ്മയിപ്പിച്ചത്.തീര്‍ച്ചയായും രോഹിതിന്റെ സെഞ്ച്വറിയെക്കാള്‍ ആഘോഷിക്കപ്പെടുന്നതും വ്യക്തിഗത പ്രകടനമെന്ന നിലയില്‍ മുന്നില്‍ നില്‍ക്കുന്നതും രവിചന്ദ്രന്‍ അശ്വിന്റെ ബാറ്റും പന്തും കൊണ്ടുള്ള മാസ്മരിക പ്രകടനങ്ങളായിരിക്കും.ബട്ട് ഇമ്പാക്ട് വൈസ് ,രോഹിത് ശര്‍മയുടെ ചെപ്പോക്ക് എപ്പിക് പല പടികള്‍ മുന്നിലാണ്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്