വെടിക്കെട്ട്, അവിശ്വസനീയ ഫിനിഷിംഗുമായി ഇര്‍ഫാന്‍ പത്താന്‍, ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ

റോഡ് സേഫ്റ്റി സീരീസ് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സിനെ തോല്‍പിച്ച് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ഫൈനലില്‍. ഓസീസ് ടീമിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ലെജന്‍ഡ്‌സ് 171 റണ്‍സടിച്ചപ്പോള്‍ നമാന്‍ ഓജയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ ഫിനിഷിംഗിന്റെയും മികവില്‍ ഇന്ത്യ ലെജന്‍ഡ്‌സ് നാലു പന്ത് ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു.

സ്‌കോര്‍ ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് 20 ഓവറില്‍ 171-5, ഇന്ത്യ ലെജന്‍ഡ്‌സ് 19.2 ഓവറില്‍ 175-5.

മഴമൂലം ഇന്നലെ ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങാനായിരുന്നില്ല. ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(10), സുരേഷ് റെയ്‌ന(11), എന്നിവര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും നമാന്‍ ഓജയുടെ(62 പന്തില്‍ 90*) വെടിക്കെട്ട് ബാറ്റിംഗിന് യുവരാജ് സിംഗ്(18) പിന്തുണ നല്‍കിയതോടെ ഇന്ത്യ പതിനാലാം ഓവറില്‍ 113ല്‍ എത്തി.

എന്നാല്‍ യുവരാജും പിന്നാലെ സ്റ്റുവര്‍ട്ട് ബിന്നിയും(2),യൂസഫ് പത്താനും(1) മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. അവസാന മൂന്നോവറില്‍ 36 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റെഡ്രോണ്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ പത്താനും ഓജയും ബൗണ്ടറിയടിച്ചതോടെ ഇന്ത്യ 12 റണ്‍സ് സ്വന്തമാക്കി.

ഡിര്‍ക്ക് നാനസ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 21 റണ്‍സടിച്ച ഇര്‍ഫാന്‍ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ബ്രെറ്റ് ലീയെ ബൗണ്ടറി കടത്തി ഇര്‍ഫാന്‍ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നമാന്‍ ഓജ 62 പന്തില്‍ 90 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ 12 പന്തില്‍ 37 റണ്‍സുമായി പുറത്താകതെ നിന്നു. രണ്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് ഇര്‍ഫാന്‍ പത്താന്റെ ഇന്നിംഗ്‌സ്. ഓജ ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് 90 റണ്‍സടിച്ചത്.

You Might Also Like