ഗിൽ ഇല്ലെങ്കിലും ആർക്കും ഇന്ത്യയെ തോൽപ്പിക്കാനാവില്ല; വെല്ലുവിളിയുമായി മുൻ ഇന്ത്യൻ താരം

2023 ഏകദിന ലോകകപ്പിലേക്ക് എത്തുമ്പോൾ ഇന്ത്യ വളരെയധികം പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു ഓപ്പണർ ശുഭ്മാൻ ഗിൽ. എന്നാൽ ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഗില്ലിന് ഡെങ്കി പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരങ്ങളിൽ നിന്ന് ഗില്ലിന് മാറി നിൽക്കേണ്ടി വന്നു. ഇത് ഇന്ത്യൻ ടീമിനെ വലിയ നിരാശയിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഗില്ലിന്റെ അഭാവത്തിലും ഇന്ത്യൻ ടീമിന് എല്ലാ ടീമുകൾക്കുമെതിരെ വിജയം നേടാൻ സാധിക്കുമെന്നാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.

“വ്യക്തിപരമായ രീതിയിൽ ചിന്തിച്ചാൽ ഗില്ലിന്റെ കാര്യത്തിൽ നിരാശയുണ്ട്. എന്നാൽ ഒരു ടീം എന്ന നിലയിൽ നോക്കിയാൽ ഗില്ലിന്റെ അഭാവത്തിലും ഇന്ത്യ അതിശക്തമാണ്. ആദ്യ മത്സരത്തിൽ തന്നെ ഇത് വ്യക്തമായി കാണാൻ സാധിച്ചു. എതിർ ടീമുകളെയൊക്കെയും അനായാസം തോൽപ്പിക്കാൻ സാധിക്കുന്ന ശക്തി ഗില്ലിന്റെ അഭാവത്തിലും ഇന്ത്യൻ ടീമിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.”

– സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നു. എന്നിരുന്നാലും ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥയാണ് ലോകകപ്പിൽ കളിക്കാൻ സാധിക്കാതെ വരുന്നത്  എന്നും മഞ്ജരേക്കർകൂട്ടിച്ചേർത്തു.

ശുഭമാൻ ഗിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ടീം കൂടുതൽ ശക്തമായേനെ എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. മാത്രമല്ല ഗില്ലിന്റെ നിലവിലെ ഫോം കണക്കിലെടുക്കുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തേനെ എന്നും മഞ്ജരേക്കർ കരുതുന്നു. ഇക്കാര്യങ്ങളൊന്നും ഗില്ലിന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല എന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ടിവിയിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്ന ആരാധകർക്കായാലും, മൈതാനത്തെത്തി മത്സരം കാണുന്ന ആരാധകർക്കായാലും ഏറ്റവും മിസ്സ് ചെയ്യാൻ പോകുന്ന കളിക്കാരൻ ഗില്ലാണ് എന്ന് മഞ്ജരേക്കർ പറയുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന താരമാണ് ഗില്ലെന്നും, അയാൾ റൺസ് കണ്ടെത്തുന്ന വഴി അതിമനോഹരമാണെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടുന്നു.

You Might Also Like