കൂറ്റന്‍ ജയം, ടെസ്റ്റ് റാങ്കിംഗില്‍ രാജകന്മാകായി വീണ്ടും ടീം ഇന്ത്യ

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയതാണ് ഇന്ത്യയ്ക്ക് തുണയായത്. നേരത്തേ റാങ്കിങില്‍ ഒന്നാമതായിരുന്ന നിലവിലെ ടെസ്റ്റ് ലോക ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് കയറിയത്.

119 പോയിന്റുണ്ടായിരുന്ന ഇന്ത്യ അഞ്ചു പോയിന്റ് നേടിയാണ് 124 പോയിന്റോടെ ടെസ്റ്റിലെ ഒന്നാംസ്ഥാനക്കാരായത്. നേരത്തേ 121 പോയിന്റുണ്ടായിരുന്ന കിവികള്‍ അഞ്ചു പോയിന്റുകള്‍ നഷ്ടമായി രണ്ടാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബുധനാഴ്ചയായിരിക്കും പുതിയ റാങ്കിങ് ഐസിസി പുറത്തുവിടുന്നത്.

വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടവും ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവിയും തീര്‍ച്ചയായും ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തും. സൗത്താഫ്രിക്കയില്‍ മൂന്നു വീതം ടെസ്റ്റുകളിലാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. നാലു ടി20കളുടെ പരമ്പരയും നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ഇതു മാറ്റി വച്ചിരിക്കുകയാണ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര കൂടിയയിരുന്നു ന്യൂസിലാന്‍ഡിനെതിരേയുള്ളത്. നേരത്തേ ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന പരമ്പര കളിച്ചിരുന്നു. പക്ഷെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ മല്‍സരം കൊവിഡ് ആശങ്കയെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരമ്പര ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വര്‍ഷമാണ് ഈ ടെസ്റ്റ് കളിക്കുന്നതിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുക.

മുംബൈ ടെസ്റ്റില്‍ 372 റണ്‍സിനാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ടീം വാരിക്കളഞ്ഞത്. ടെസ്റ്റില്‍ റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയും കൂടിയാണിത്. 540 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിന് വിരാട് കോഹ്ലിയും സംഘവും നല്‍കിയത്. കിവികളുടെ മറുപടി വെറും 167 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഡാരില്‍ മിച്ചെല്‍ (60), ഹെന്റി നിക്കോള്‍സ് (44) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിനും ജയന്ത് യാദവും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

You Might Also Like