റണ്ണൗട്ടുകള്‍ വിധി നിര്‍ണ്ണയിച്ചു, ഇംഗ്ലണ്ടിന് നാല് റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ആവേശജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റില്‍ ഇന്ത്യ വെളളി ഉറപ്പിച്ചു.
തുടക്കം മുതല്‍ കടന്നാക്രമിച്ച് തുടങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് റണ്ണൗട്ടുകളാണ് കളിയുടെ ഗതി തിരിച്ചത്. മികവോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ നാത് സീവര്‍, അമി ജോണ്‍സ് എന്നിവരുടെ റണ്ണൗട്ടുകളാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 13 റണ്‍സെടുത്ത അലിസ് കാപ്സിയും റണ്ണൗട്ടായി മടങ്ങി. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിന വേണ്ടിയിരുന്നത്. സ്നേഹ് റാണ എറിഞ്ഞ ഈ ഓവറില്‍ ഒന്‍പത് റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്.
41 റണ്‍സെടുത്ത നാത് സീവറാണ് ടോപ് സ്‌കോറര്‍. ഡാനി വ്യാറ്റ് 35 റണ്‍സും അമി ജോണ്‍സ് 31 റണ്‍സുമായി പൊരുതി. കാതറിന്‍ ബ്രന്റ് പൂജ്യത്തിന് മടങ്ങി. മായിയ ബുച്ചര്‍ നാല് റണ്ണുമായും സോഫി എക്ലസ്റ്റോണ്‍ ഏഴ് റണ്ണുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ദാന- ഷെഫാലി വര്‍മ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മന്ദാന 32 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 61 റണ്‍സാണ് സ്വന്തമാക്കിയത്. ജെമിമ റോഡ്രിഗസ് 31 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20), ദീപ്തി ശര്‍മ (22) എന്നിവരും പൊരുതി.
ഓപ്പണര്‍ ഷെഫാലി വര്‍മ 15 റണ്‍സെടുത്ത് പുറത്തായി. പൂജവസ്ത്രാകര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സ്നേഹ് റാണ പുറത്താകാതെ നിന്നു. ഇംഗ്ലീഷ് നിരയില്‍ ഫ്രേയ കെംപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കാതറിന്‍ ബ്രന്റ്, നാത് സിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.