പിച്ചിനല്ല, പ്രശ്‌നം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക്, കുറ്റസമ്മതം നടത്തി വോണ്‍

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടന്നു കൊണ്ടിരിക്കുന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശച്ചവരില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. നാലാം ടെസ്റ്റ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും താരം പിച്ചിനെ മോശമെന്നു ട്രോളിയിരുന്നു. ഇപ്പോഴിത തന്റെ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് താരം.

പിച്ചിനല്ല, ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനാണ് പ്രശ്നമെന്ന് മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തു. ‘കഴിഞ്ഞ ടെസ്റ്റുകളിലേക്കാള്‍ മോശമാണ് ഇതുവരെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്. ഒന്നാമിന്നിംഗ്‌സില്‍ വലിയ സ്‌കോര്‍ നേടാന്‍ ഏറ്റവും യോജിച്ച പിച്ചാണിത്. സ്പിന്‍ തീരെയില്ല, ബോള്‍ ബാറ്റിലേക്കു വരുന്നുണ്ട്, ഇതുവരെയുള്ളത് മോശം ബാറ്റിംഗാണ്’ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. താരത്തിന്റെ മലക്കം മറിച്ചലിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 24 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് പുരോഗമിക്കുന്നത്.

ഇംഗ്ലണ്ടിനായി സ്റ്റോക്സ് അര്‍ദ്ധ സെഞ്ച്വറി നേടി. 121 ബോള്‍ നേരിട്ട സ്റ്റോക്സ് 2 സിക്സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

You Might Also Like