തോല്‍ക്കുന്നെങ്കില്‍ ധോണിയോട് തോല്‍ക്കണം, തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

ഐപിഎല്‍ ഫൈനലില്‍ തോറ്റെങ്കിലും നിരാശനല്ല ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ക്ക് പാണ്ഡ്യ. തോല്‍ക്കുന്നുവെങ്കില്‍ ധോണിക്ക് മുമ്പില്‍ തോല്‍ക്കണമെന്നും അതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മത്സരശേഷം ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

‘ഒരു ടീം എന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ മുന്നില്‍ നിന്നു. ഹൃദയം കൊണ്ടാണ് ഞങ്ങള്‍ ഓരോരുത്തരും കളിച്ചത്. അവസാന പന്ത് വരെ പോരാട്ടവീര്യം പുറത്തെടുത്ത ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഫൈനലിലെ തോല്‍വിക്ക് ഒഴിവ് കഴിവുകള്‍ പറയുന്നില്ല. ഇന്ന് ഞങ്ങളെക്കാള്‍ ചെന്നൈ ടീം ആണ് മികച്ച പ്രകടനം പുറത്തെടുത്തത്’ ഹാര്‍ദ്ദിക്ക് പറഞ്ഞു.

‘ഞങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനെ പ്രത്യേകം അഭിനന്ദിക്കുന്നു, കാരണം, ഈ തലത്തില്‍ ഇത്രയും മികച്ച പ്രകടനം നടത്തുക എളുപ്പമല്ല. കളിക്കാരെ പിന്തുണക്കുകയും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. അവരുടെ വിജയം അവരോരുത്തരുടെയും വ്യക്തിപരമായ വിജയം കൂടിയാണ്. മോഹിത് ശര്‍മ, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ അങ്ങനെ എല്ലാവരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു’ ഹാര്‍ദ്ദിക്ക് കൂട്ടിച്ചേര്‍ത്തു.

ധോണി കിരീടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം, അതായിരുന്നു വിധി. ഞാന്‍ എപ്പോഴെങ്കിലും തോല്‍ക്കുന്നെങ്കില്‍ അത് ധോണിക്ക് മുന്നില്‍ തോല്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം, നല്ല മനുഷ്യര്‍ക്കെ നല്ല കാര്യങ്ങള്‍ സംഭവിക്കാറുള്ളു. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് ധോണി. ദൈവം കരുണയുള്ളവനാണ്. എന്നോടും ദൈവം കരുണ കാട്ടി. പക്ഷെ ഇന്ന് ധോണിയുടെ രാത്രിയായിരുന്നു-മത്സരശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

You Might Also Like