റാങ്കിംഗ് എങ്ങനെയാണ് കണക്കാക്കുന്നത്?, ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ അറിയാന്‍

അജയ് ചിങ്ങോലി

പണ്ട് ടെന്‍ സ്‌പോര്‍ട്‌സ് കണ്ടു തുടങ്ങിയ കാലഘട്ടം മുതല്‍ മനസ്സില്‍ കയറിക്കൂടിയ ഒന്നാണ് ക്രിക്കറ്റ് റാങ്കിങ്.. സംഗയുടെ വിക്കറ്റ് കിട്ടി സെലിബ്രേഷന്‍ നടത്തുന്ന ബ്രെറ്റ് ലീയും, വേള്‍ഡ് കപ്പ് ഉയര്‍ത്തുന്ന ഓസീസും പിന്നെ ദാദയുടെ ഇന്ത്യയും റാങ്കിങ് കാണിക്കുന്ന വിഡിയോയില്‍ മിന്നിമറയുന്നത് മനസ്സില്‍ നിന്നും ഇപ്പോഴും മായുന്നില്ല.
ഒരുപാട് വലിച്ചു നീട്ടുന്നില്ല നമുക്ക് റാങ്കിങിലേക്കു കടക്കാം . എല്ലാവര്‍ഷവും മേയ് മാസത്തിലാണ് ഐസിസി ടീം റാങ്കിങ് ടേബിള്‍ റിവൈസ് ചെയ്യുന്നത് .. 3-4 വര്‍ഷത്തെ കാലയളവിലുള്ള മത്സരവും പോയിന്റുമാണ് ഐസിസി ഇതിനായി പരിഗണിക്കുന്നത്..

* ഓരോ വര്‍ഷം കഴിയുംതോറും ആദ്യ വര്‍ഷത്തിലെ മത്സരവും പോയിന്റും അവര്‍ ടേബിളില്‍ നിന്നും ഒഴുവാക്കുന്നു..(അതായത് 2020 മാസം പരിഗണിച്ചാല്‍ 2017 മേയ് തൊട്ടു 2020 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പരിഗണിക്കും, 2016-2017 വരെയുള്ള കണക്കുകള്‍ ഒഴുവാക്കും..2021 ആകുമ്പോള്‍ 2017-18 കണക്കുകള്‍ ഒഴുവാക്കുന്നു.. )
* ആദ്യത്തെ രണ്ടു വര്‍ഷത്തിന് 50% വെയിറ്റേജും പിന്നീടുള്ള വര്‍ഷങ്ങള്‍ക്കു 100% വെയ്റ്റേജുമാണ് ഐസിസി നല്‍കുന്നത്..

(എല്ലാവരുടെയും പ്രധാന സംശയം ആയിരുന്നു 2020 യില്‍ ഒരു മത്സരം നടക്കാത്ത സമയത്തുപോലും റാങ്കിങ്ങില്‍ എങ്ങനെ വലിയ രീതിയില്‍ മാറ്റമുണ്ടായി.. അതിന്റെ കാരണങ്ങളാണ് മുകളില്‍ പ്രതിപാദിച്ചത്.. )

ലിമിറ്റഡ് ഫോര്‍മാറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും രണ്ടു രീതിയിലാണ് ടീം റാങ്കിങ് കണക്കാക്കുന്നത്..ഓരോ ഏകദിനവും ടി20 യും കഴിയുമ്പോള്‍ റാങ്കിങ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഒരു സീരീസ് കഴിയുമ്പോഴാണ് ടെസ്റ്റ് റാങ്കിങ് അപ്‌ഡേറ്റ് ചെയുന്നത്. ഏവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം..
ആദ്യം ടെസ്റ്റില്‍ നിന്നും തുടങ്ങാം, ഈ കഴിഞ്ഞ ഇന്ത്യ ഓസിസ് ടെസ്റ്റ്..

ഈ പരമ്പര തുടങ്ങുന്നതിന് മുമ്പ് ഐസിസിയുടെ റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതും ഓസിസ് ഒന്നാമതുമായിരുന്നു..

ഇന്ത്യ – 27 മത്സരം, 3085 പോയിന്റ്, 114 റേറ്റിംഗ്
ഓസിസ് – 26 മത്സരം, 3028 പോയിന്റ്, 116 റേറ്റിംഗ്
ഓരോ പരമ്പര കഴിയുമ്പോള്‍ ടീം നേടുന്ന സീരീസ് പോയിന്റ് അനുസരിച്ചാണ് ടീമിന്റെ ആകെ പോയിന്റിലും റേറ്റിംഗിലും വ്യത്യാസം വരുന്നത്..

* ടീമിന്റെ സീരീസ് പോയിന്റ് കണക്കാക്കുന്നത് ടീം ജയിച്ച മത്സരം, സമനില, സീരീസ് വിജയം എന്നിവ കണക്കിലെടുത്താണ്..
* മത്സരം ജയിച്ചാല്‍ 1 പോയിന്റും, സമനില ആയാല്‍ 0.5 പോയിന്റും, സീരീസ് വിജയത്തിന് 1 പോയിന്റ് യഥാക്രമം ടീമിന് ലഭിക്കുന്നു..

* രണ്ടു മത്സരം ജയിക്കുകയും ഒരു സമനില പിടിക്കുകയും കൂടാതെ സീരീസ് ജയിച്ച ഒരു പോയിന്റും കൂടി ചേര്‍ത്ത് ഇന്ത്യക്ക് കിട്ടിയ സീരീസ് പോയിന്റ് = 3.5 (1*2+0.5+1)
* ഒരു മത്സരം ജയിക്കുകയും ഒരു സമനില പിടിക്കുകയും ചെയ്ത ഓസീസിന് കിട്ടിയ സീരീസ് പോയിന്റ്= 1.5 (1+0.5)

സീരിസിലെ ടീമിന്റെ ആകെപോയിന്റ് = (ഓപ്പോസിറ്റ് ടീമിന്റെ റേറ്റിംഗ് +50)* ടീമിന്റെ സീരീസ് പോയിന്റ് + (ഓപ്പോസിറ്റ് ടീമിന്റെ റേറ്റിംഗ് -50)* ഓപ്പോസിറ്റ് ടീമിന്റെ സീരീസ് പോയിന്റ്

ഇന്ത്യ സീരീസില്‍ നേടിയ ആകെ പോയിന്റ് = (( 116+50)*3.5)+ ((116-50)*1.5))=581+99= 680
ഓസിസ് സീരീസില്‍ നേടിയ ആകെ പോയിന്റ് =((114+50)*1.5)+( (114-50)*3.5) = 246+ 224 = 470

സീരീസ് കഴിഞ്ഞുള്ള ഇന്ത്യയുടെ ഐസിസി ടേബിള്‍ പോയിന്റ് = 3085+ 680= 3765
സീരീസ് കഴിഞ്ഞുള്ള ഓസീസിന്റെ ഐസിസി ടേബിള്‍ പോയിന്റ് =3028+ 470 = 3498
ഇനി മത്സരങ്ങളുടെ കാര്യത്തിലേക്കു വരാം, ഒരു പരമ്പരയില്‍ ടീം കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ എണ്ണവും അതോടൊപ്പം സീരിസിനെ ഒരു മത്സരമായി കണക്കാക്കി അതുംകൂടി ചേര്‍ക്കുന്നു. അതായത് ഇന്ത്യ ഓസിസ് ടെസ്റ്റ് പരമ്പരയില്‍ 4 മത്സരവും അതോടൊപ്പം സീരിസിനെ 1 മത്സരമായി കണക്കാക്കി ആകെ മൊത്തോം 5 എണ്ണം..

* പരമ്പര കഴിഞ്ഞുള്ള ഇന്ത്യയുടെ ആകെ മത്സരങ്ങളുടെ എണ്ണം = 27 + 5= 32
* പരമ്പര കഴിഞ്ഞുള്ള ഓസീസിന്റെ ആകെ മത്സരം = 26+ 5 = 31
റേറ്റിംഗ് = ആകെ പോയിന്റ് / മത്സരങ്ങളുടെ എണ്ണം.
ഇന്ത്യയുടെ ഐസിസി റേറ്റിംഗ് = 3765/32=117.65= 118 (rounded off)
ഓസീസിന്റെ ഐസിസി റേറ്റിംഗ് = 3498/31=112.83= 113 (rounded off)
എന്നാല്‍ ലിമിറ്റഡ് ഫോര്‍മാറ്റ് റാങ്കിങ് ടെസ്റ്റില്‍ നിന്നും വളരെ വ്യത്യസ്തമാണ്, ടെസ്റ്റ് ക്രിക്കറ്റിനെ പോലെ വലിയ രീതിയില്‍ സങ്കീര്‍ണ്ണമല്ല.. ഓരോ മത്സരത്തിന് ശേഷം ഐസിസി പോയിന്റ് ടേബിള്‍ അപ്‌ഡേറ്റ് ചെയ്യുന്നു..

T20 ക്രിക്കറ്റ് ടീം റാങ്കിങ് :

T20 യില്‍ പോയിന്റ് കണക്കുകൂട്ടല്‍ കുറച്ചുകൂടി എളുപ്പമാണ്
T20 ക്രിക്കറ്റില്‍ ജയിച്ച ടീമിന് കിട്ടുന്ന പോയിന്റ് = ഓപ്പോസിറ്റ് ടീമിന്റെ റേറ്റിംഗ് + 50
തോറ്റ ടീമിന് കിട്ടുന്ന പോയിന്റ് = ഓപ്പോസിറ്റ് ടീമിന്റെ റേറ്റിംഗ് – 50
ഇന്ത്യ ഓസിസ് രണ്ടാം T20 ക്ക് ശേഷം ഓസിസ് ഐസിസി റാങ്കിങ്ങില്‍ രണ്ടാമതും അവര്‍ക്ക് 24 മത്സരത്തില്‍ 6481 പോയിന്റും റേറ്റിംഗ് 270 ഉം ആയിരുന്നു.. ഇന്ത്യ ആണേല്‍ മൂന്നാം സ്ഥാനത്തും. ഇന്ത്യക്ക് 37 മത്സരത്തില്‍ നിന്നും 9966 പോയിന്റും 269 റേറ്റിങ്ങും.

* മൂന്നാം മത്സരത്തില്‍ ഓസിസ് ജയിച്ചപ്പോള്‍ അവര്‍ക്ക് 269+50=319 പോയിന്റും മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് 270-50=220 പോയിന്റും കിട്ടി..
മത്സരത്തിന് ശേഷം ഓസിസ് 25 മത്സരത്തില്‍ നിന്നും 6800 പോയിന്റും (6481+319) ഉം ഇന്ത്യക്ക് 38 മത്സരത്തില്‍ 10186 (9966+220)
ഇന്ത്യയുടെ റേറ്റിംഗ് = 10186/38= 268.05=268 (rounded off)
ഓസീസിന്റെ റേറ്റിംഗ് = 6800/25=272

NB: ഏകദിനത്തിലും T20 ഒരേ രീതിയില്‍ തന്നെയാണ് റാങ്കിങ് കണക്കാക്കുന്നത്..
രണ്ടു ടീമുകള്‍ തമ്മിലുള്ള റേറ്റിംഗ് വ്യത്യാസം 40 ന് മുകളില്‍ ആണേല്‍ അവിടെ മറ്റൊരു കണക്കൂട്ടലാണ് ഉപയോഗിക്കുന്നത്. അതും പ്ലയേഴ്‌സ് റാങ്കിങ്ങും അടുത്ത ഒരു പോസ്റ്റില്‍ വിശദമായി എഴുതാം..എല്ലാരും പോസ്റ്റ് വായിച്ചിട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like