സിദാനും അർട്ടെറ്റക്കും തിരിച്ചടിയായി യുവപ്രതിഭയുടെ പുതിയ നീക്കം, ജനുവരി ട്രാൻസ്ഫറിൽ ബുണ്ടസ്‌ലിഗ ക്ലബ്ബിലേക്ക്

കുറച്ചു കാലമായി സർഗ്ഗാത്മകതയുടെ വലിയ കുറവ് ആഴ്‌സണൽ മധ്യനിരയിൽ കാണപ്പെടുന്നുണ്ട്. ആഴ്‌സണൽ മധ്യനിരയിലെ മാന്ത്രികനായിരുന്ന മെസ്യൂട് ഓസിലിനെ ഒഴിവാക്കിയതിനു ശേഷം ആഴ്‌സണലിനു  വലിയ മുന്നേറ്റം മധ്യനിരയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെയാണ് ഓസ്ട്രിയൻ ക്ലബ്ബായ  ആർ ബി സാൽസ്ബർഗിന്റെ ഹംഗേറിയൻ  യുവപ്രതിഭയായ ഡോമിനിക് സോബോസ്ലായിനെ ഓസിലിനു പകരക്കാരനായി അർട്ടെറ്റ പരിഗണിക്കുന്നത്.

ആഴ്സണലിന്‌ പിന്നാലെ റയൽ മാഡ്രിഡും  ബയേൺ മ്യൂണിക്കും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. റയൽ മാഡ്രിഡ്‌ പരിശീലകനായ സിനദിൻ സിദാൻ അടുത്തിടെ താരത്തെ ഫോണിൽ വിളിച്ചു ലാലിഗയിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വെറും 23 മില്യൺ യൂറോക്ക് ഭാവിയിൽ മികച്ച മധ്യനിരതാരമായി തിളങ്ങിയേക്കാവുന്ന സോബോസ്ലായ് ഒരു മികച്ച ഡീൽ ആയി മാറുമെന്നാണ് സിദാന്റെ വിലയിരുത്തൽ.

ബയേണിൽ നിന്നും തിയാഗോ അൽകന്റാര ലിവർപൂളിലേക്ക് ചേക്കേറിയതോടെ പകരക്കാരനായി പരിഗണിക്കുന്ന താരമാണ് സോബോസ്ലായ്. ഹംഗറിക്കായി മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ ഗോളിൽ  നിർണായക ഐസ്‌ലാൻഡിനെ പരാജയപ്പെടുത്തി യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്ക് യോഗ്യത നേടിയിരുന്നു. ഈ സീസണിൽ നിലവിൽ സാൽസ്ബർഗിനായി എല്ലാ കോമ്പറ്റിഷനുകളിൽ  നിന്നായി 10 ഗോളുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട് ഈ   ഇരുപതുകാരൻ.

യൂറോപ്പിലെ വമ്പന്മാരെല്ലാം താരത്തിനു പിന്നാലെയുണ്ടെങ്കിലും വരുന്ന ജനുവരി ട്രാൻഫറിൽ ആർബി സാൽസ്ബർഗിന്റെ സഹോദര ജർമൻ ക്ലബ്ബായ ആർബി ലെയ്പ്സിഗിലേക്ക് ചേക്കേറാൻ താരം സമ്മതം മൂളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ സ്കൈ ജർമനിയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം തുടരുന്ന ലെയ്പ്സിഗിന്റെ മധ്യനിരയിലേക്ക് പുതിയ പ്രഭാവം സൃഷ്ടിക്കാൻ ഈ ട്രാൻസ്ഫർ വഴിയൊരുക്കിയേക്കും.

You Might Also Like