കൈയ്യടി സഞ്ജുവിന്റെ ധൈര്യത്തിന്, ഡെത്ത് ഓവറില്‍ സഞ്ജു കാട്ടിയ സാഹസം ഞെട്ടിച്ചെന്ന് ക്രിക്കറ്റ് ലോകം

ഐപിഎല്‍ 17ാം സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹി ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും മത്സരം രാജസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു.

ഡെത്തോവറിലെ സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. അവസാന ഓവറില്‍ ആവേശ് ഖാനെ പന്തേല്‍പ്പിക്കാനുള്ള സഞ്ജുവിന്റെ സാഹസികത അമ്പരപ്പിക്കുതായിരുന്നു. അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വലം കൈയന്‍ ട്രിസ്റ്റന്‍ സ്റ്റബ്സും ഇടം കൈയന്‍ അക്ഷര്‍ പട്ടേലുമായിരുന്നു ക്രീസില്‍. ഈ സമയത്ത് അവസാന ഓവറില്‍ എല്ലാവരും പരിചയ സമ്പന്നനായ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനെയാണ് പ്രതീക്ഷിച്ചത്.

ഈ സമയത്താണ് സഞ്ജു ആവേശ് ഖാനെ പന്തേല്‍പ്പിക്കുന്നത്. ഐപിഎല്ലില്‍ അത്ര മികച്ച ബൗളിങ് റെക്കോഡുള്ള താരമല്ല ആവേശ്. നിരവധി തവണ തല്ലുവാങ്ങിക്കൂട്ടിയ താരത്തെ പന്തേല്‍പ്പിച്ചത് അതി സാഹസമായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആവേശ് മത്സരം രാജസ്ഥാന് നേടിക്കൊടുക്കുകയായിരുന്നു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ വെറും 4 റണ്‍സാണ് അവസാന ഓവറില്‍ ആവേശ് വിട്ടുകൊടുത്തത്.

ഇടം കൈയന്‍ അക്ഷര്‍ ഉള്ളപ്പോള്‍ ബോള്‍ട്ടിനെ പന്തേല്‍പ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്ന സഞ്ജുവിന്റെ വിലയിരുത്തല്‍ ശരിയായി. ആവേശ് ഓഫ് സൈഡ് യോര്‍ക്കറുകളിലൂടെ ആക്രമിച്ചതോടെ ഡല്‍ഹി ബാറ്റ്സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. സഞ്ജു യുസ് വേന്ദ്ര ചഹാലിനെ ഉപയോഗിച്ചതും മത്സരത്തില്‍ നിര്‍ണ്ണായകമായി.

14ാം ഓവറിലെ ആദ്യ പന്തില്‍ ചഹാല്‍ റിഷഭ് പന്തിനെ പുറത്താക്കിയതാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. റിഷഭ് തുടര്‍ന്നിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ഇംപാക്ട് പ്ലയറായ അഭിഷേക് പോറലിനേയും ചഹാല്‍ പുറത്താക്കിയതോടെ ഡല്‍ഹി സമ്മര്‍ദ്ദത്തിലായി. സ്റ്റബ്സിനെ ട്രന്റ് ബോള്‍ട്ട് കൈവിട്ടുകളഞ്ഞെങ്കിലും ഇത് അപകടമായി മാറാതെ സഞ്ജു കളി പിടിച്ചെടുക്കുകയായിരുന്നു.

 

You Might Also Like