എല്ലാവരും കോഹ്ലിയെ വളഞ്ഞിട്ട് തല്ലിയപ്പോൾ അദ്ദേഹം മാത്രം കൂടെ നിന്നു, വെളിപ്പെടുത്തലുമായി കോച്ച്

ഇന്ത്യൻ ടീമിന് പുതിയൊരു ഘടന സംഭാവന ചെയ്തതിൽ പ്രധാന പങ്കുവഹിച്ച നായകന്മാരാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും. ഇരുവരും തമ്മിലുള്ള ആത്മബന്ധം മൈതാനത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.

മോശം സമയങ്ങളിൽ പോലും ധോണി വിരാടിന് ഒരുപാട് പിന്തുണ നൽകിയിരുന്നു എന്നാണ് വിരാടിന്റെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ പറയുന്നത്. വിരാടിന്റെ നായകത്വത്തിന് കീഴിൽ കളിക്കുന്ന സമയത്തും ഒരു ജേഷ്ഠ സഹോദരനെ പോലെയാണ് ധോണി കാര്യങ്ങൾ ചെയ്തിരുന്നത് എന്നും രാജ്കുമാർ ശർമ പറയുന്നു.

‘വിരാട് എപ്പോഴും ധോണിയെ വളരെയധികം ബഹുമാനിച്ചിരുന്നു. മാത്രമല്ല ഒരു ജ്യേഷ്ഠ സഹോദരനെപോലെയാണ് വിരാട് ധോണിയെ കണ്ടിരുന്നത്. ധോണി വിരാടിന്റെ നായകത്വത്തിൽ കളിക്കുന്ന സമയത്ത്, അവസാന ഓവറുകളിൽ വിരാട് ലോങ്ങ് ഓണിൽ ഫീൽഡ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കുമായിരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ മൂത്ത ജേഷ്ഠനായി ധോണിയുണ്ടെന്ന് അയാൾക്ക് അപ്പോൾ അറിയാമായിരുന്നു. അത് ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യാൻ വിരാടിന് അവസരം നൽകി. അവസാന ഓവറുകളിൽ ഇത്തരം പൊസിഷനുകളിൽ മികച്ച ഫീൽഡർമാർ ആവശ്യമായിരുന്നു. ബാക്കിയുള്ളവർ വിരാടിനെ വളഞ്ഞിട്ട് ആക്രമിച്ച സമയത്തും ധോണി വിരാടിന് പിന്തുണ നൽകി. അതിനു ഞാൻ ധോണിയെ അഭിനന്ദിക്കുന്നു’ രാജ്കുമാർ ശർമ്മ പറഞ്ഞു.

‘ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് പാരമ്പര്യത്തിൽ മാറ്റം വരുത്താൻ സാധിച്ചു എന്നതാണ് വിരാട്ടിന്റെ ഏറ്റവും വലിയ നേട്ടം. അയാൾ നായകനായിരുന്ന സമയത്ത് ടീം പൂർണമായും ഫിറ്റായിരുന്നു. ആദ്യം അയാൾ തന്റെ ഫിറ്റ്നസ് കൃത്യമാക്കുകയും, ശേഷം ടീമിനെ മുൻപിൽ നിന്ന് നയിക്കുകയും ചെയ്തു. അതിനു മുൻപ് കളിക്കാർ വെയിറ്റ് കുറയ്ക്കുന്നതിനുള്ള ട്രെയിനിങ് ചെയ്തിരുന്നില്ല’ രാജ്കുമാർ ശര്‍മ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അംഗമാണ് വിരാട് കോഹ്ലി. ഇതുവരെ പരമ്പരയിൽ 25 റൺസ് ശരാശരിയിൽ 76 റൺസാണ് ഈ സ്റ്റാർ ബാറ്ററി നേടിയിട്ടുള്ളത്. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

You Might Also Like