ക്രീസില്‍ നിന്നത് ഞാനല്ല, കാര്‍ത്തികാണ്, ഹാര്‍ദ്ദിക്കിനെതിരെ പൊട്ടിത്തെറിച്ച് നെഹ്‌റ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചു എന്ന് ഉറപ്പിച്ച മത്സരമാണ് ഡേവിഡ് മില്ലറും വാര്‍ഡര്‍ ഡസ്സനും കൂടി അനായാസം തട്ടിയെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 212 എന്ന കൂറ്റന്‍ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക പുഷ്പം പോലെ മറികടക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ടാണ് മില്ലറും (31 പന്തില്‍ 64) ഡസ്സനും (46 പന്തില്‍ 75) ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ബാറ്റര്‍മാരെല്ലാം തിളങ്ങിയിരുന്നു. ഇഷാന്‍ കിഷന്‍ 76 റണ്‍സുമായി ടോപ്പ് സ്‌കോററായി. മത്സരത്തിന്റെ ഫിനിഷിങ്ങ് ജോലികള്‍ ഏറ്റെടുത്തത് റിഷഭ് പന്തും (16 പന്തില്‍ 29) ഹാര്‍ദ്ദിക്ക് പാണ്ട്യയും (12 പന്തില്‍ 31) ചേര്‍ന്നാണ്.

അവസാന ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റനായ റിഷഭ് പന്ത് പുറത്തായപ്പോള്‍ പിന്നീട് ക്രീസില്‍ എത്തിയത് ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ടീമിലെത്തിയ വെറ്ററല്‍ താരം ദിനേശ് കാര്‍ത്തികാണ്. എന്നാല്‍ ഓവറിലെ അഞ്ചാമത്തെ പന്തില്‍ അനായാസ സിംഗിള്‍ ഓടുന്നതിനു പകരം അവസാന പന്ത് നേരിടാനായി ഹാര്‍ദ്ദിക്ക് ക്രീസില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ട് റണ്‍സ് മാത്രമാണ് അവസാന പന്തില്‍ ഹാര്‍ദ്ദിക്കിന് നേടാനായത്. ഇത് ഹാര്‍ദ്ദിക്കിനെതിരെ ഏറെ വിമര്‍ശനം ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ഐപിഎല്ലില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ആശിഷ് നെഹ്‌റയും ഹാര്‍ദ്ദിക്കിനെ ഇക്കാര്യത്തില്‍ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. അഞ്ചാം പന്തില്‍ ഹാര്‍ദ്ദിക്ക് സിംഗിളെടുത്ത് കാര്‍ത്തികിന് സ്‌ട്രൈക്ക് കൈമാറണമെന്നാണ് നെഹ്‌റ തുറന്ന് പറഞ്ഞത്.

‘അവസാന പന്തിന് മുന്‍പ് അവന്‍ സിംഗിള്‍ എടുക്കണമായിരുന്നു. മറ്റേ എന്‍ഡില്‍ നിന്നിരുന്നത് ഞാനല്ലാ, സാക്ഷാല്‍ ദിനേശ് കാര്‍ത്തികായിരുന്നു ‘ ഇന്ത്യന്‍ ബാറ്റിംഗ് വിശകലനത്തിനിടെ നെഹ്‌റ പറഞ്ഞു.

അതേ സമയം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക്കിനെ നെഹ്‌റ പ്രശംസിക്കുകയും ചെയ്തു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഏത് വേഷവും ഭംഗിയാക്കാനുളള കഴിവ് ഹാര്‍ദ്ദിക്കിനുണ്ടെന്നും ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം വ്യത്യസ്ത ശൈലിയില്‍ ബാറ്റേന്താന്‍ അവന് കഴിയുമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

You Might Also Like