ഇതൊരിക്കലും അനുവദിച്ചു കൊടുക്കരുതായിരുന്നു, 65-ാം സ്ഥാനക്കാരോടുള്ള അപ്രതീക്ഷിത തോൽവിയിൽ പൊട്ടിത്തെറിച്ച് ജർമൻ ക്യാപ്റ്റൻ ഗുണ്ടോഗൻ

ലോകകപ്പ് യോഗ്യതാമത്സരത്തിൽ റാങ്കിങ്ങിൽ 65ആം സ്ഥാനക്കാരായ നോർത്ത് മാസെഡോണിയക്കെതിരെ ജർമനിക്ക് അപ്രതീക്ഷിതതോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ജർമനിക്കെതിരെ രണ്ടാം പകുതിയിൽ രണ്ടു ഗോളിൻ്റെ മികച്ച തിരിച്ചുവരവ് നടത്തിയാണ് മാസെഡോണിയ വിജയം സ്വന്തമാക്കിയത്. ഇരുപത് വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ജർമനിക്ക് തോൽവിയറിയേണ്ടി വന്നിരിക്കുന്നത്.

ആദ്യ പകുതിയിൽ ഇകായ് ഗുണ്ടോഗ്റെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗൊറാൻ പാണ്ടേവിൻ്റെ ഗോളിലൂടെ മാസെഡോണിയ സമനില കണ്ടെത്തുകയായിരുന്നു. പിന്നീട് 85ആം മിനുട്ടിൽ എൽജിഫ് എൽമാസിന്റെ ഗോളിലൂടെ വീണ്ടും മാസെഡോണിയ വീണ്ടും ഗോൾ നേടിയപ്പോൾ ജർമനി പ്രതിരോധനിര കാഴ്ചക്കാരാവുകയായിരുന്നു. മത്സരശേഷം പ്രതിരോധത്തെയും ജർമനിയുടെ മൊത്തം പ്രകടനത്തേയും ക്യാപ്റ്റനായ ഗുണ്ടോഗൻ വലിയ രീതിയിൽ വിമർശിക്കുകയുണ്ടായി. ജർമൻ എഫ്എയുടെ വെബ്സൈറ്റിനു വേണ്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ ഒരിക്കലും ഇത് അനുവദിച്ചു കൊടുക്കരുതായിരുന്നു. രണ്ടോ അതിലധികമോ പ്രാവശ്യം നോർത്ത് മാസെഡോണിയൻ താരങ്ങൾ ഞങ്ങളുടെ ബോക്സിലേക്ക് ആക്രമണം നടത്തിയിരുന്നു. ഞങ്ങൾ അവർക്ക് എല്ലാം എളുപ്പമാക്കിതീർക്കുകയായിരുന്നു. ഞങ്ങൾ അവസരങ്ങൾ ഗോലുകളാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു വട്ടം മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. ഞങ്ങൾ രണ്ടു ഗോളുകളും വഴങ്ങിയ രീതിയും വളരെ മോശപ്പെട്ടതായിരുന്നു.” ഗുണ്ടോഗൻ പറഞ്ഞു.

ഗുണ്ടോഗനു പിന്നാലെ പരിശീലകൻ ജോകിം ലോയും മത്സരത്തിലെ പിഴവുകളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. “ഞങ്ങൾ ശരിക്കും നിരാശരായിരുന്നു. ഇന്ന്‌ ഞങ്ങൾ കൂടുതൽ ക്ഷീണിതരായാണ് കാണപ്പെട്ടത്. ഞങ്ങളുടെ കളിയിൽ ഒരു ഊർജസ്വലതയും കാണാൻ സാധിച്ചില്ല. മുന്നോട്ടുള്ള നീക്കങ്ങളിൽ ഞങ്ങൾ ധാരാളം പിഴവുകൾ വരുത്തി. ഞങ്ങൾ വേഗതയിൽ പന്ത് മുന്നോട്ടുകൊണ്ടുപോവുമ്പോഴാണ് എപ്പോഴും അപകടകാരികളാവാറുള്ളത്. അവർ പിറകോട്ടു വലിഞ്ഞു കളിക്കാൻ തുടങ്ങിയതോടെ ഞങ്ങൾക്ക് പ്രതിരോധം തകർത്തു മുന്നേറാൻ സാധിക്കാതെ പോവുകയായിരുന്നു. മൊത്തത്തിൽ ഇതെല്ലാം നിരാശാജനകമായിരുന്നു.” ജോകിം ലോ പറഞ്ഞു.

You Might Also Like