ചെൽസിയുടെ ഉദയം പ്രീമിയർ ലീഗ് കാണും, മുന്നറിയിപ്പുമായി പെപ് ഗ്വാർഡിയോള

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്നത്. തങ്ങളുടെ മൈതാനത്ത് കളിക്കാനെത്തിയ കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളെ ഒട്ടും പേടിക്കാതെ കളിച്ച ചെൽസി യുവനിര മത്സരത്തിൽ സമനില നേടിയെടുത്തു. രണ്ടു ടീമുകളും ആക്രമണ ഫുട്ബോൾ കളിച്ച മത്സരത്തിൽ നാല് ഗോളുകൾ വീതമാണ് ടീമുകൾ നേടിയത്. ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ സമനിലഗോൾ പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

മത്സരത്തിന് ശേഷം ചെൽസിയെ വളരെയധികം പ്രശംസിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള സംസാരിച്ചത്. ചെൽസി അപകടകാരികളായ ടീമാണെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഭാവിയിൽ അവർ കരുത്തുറ്റ ഒരു സംഘമായി മാറുമെന്നു പറഞ്ഞു. ലിവർപൂൾ, ആഴ്‌സണൽ ടീമുകൾക്കെതിരെ അവർ മികച്ച പ്രകടനം നടത്തിയതും സമനില നേടിയതും അതിന്റെ തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രീമിയർ ലീഗിലെ ശക്തികേന്ദ്രമാകാനുള്ള ചെൽസിയുടെ പദ്ധതികൾ ശരിയായ ദിശയിലാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

അതേസമയം മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും പെപ് ഗ്വാർഡിയോള ഒട്ടും നിരാശനല്ല. ഇന്റർനാഷണൽ ബ്രേക്കിലേക്ക് ടീം പോകുന്നത് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായിട്ടാണെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാമ്പ്യൻസ് ലീഗിൽ ടീം പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത എതിരാളികൾ ലിവർപൂളാണ്.

അതേസമയം ചെൽസിയുടെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ക്ലബ് ഇനി മുതൽ ശരിയായ ദിശയിലൂടെ മുന്നോട്ടു പോയി പഴയ പ്രതാപം തിരിച്ചെടുക്കുമെന്ന് ഏവരും കരുതുന്നു. യുവതാരങ്ങളുടെ പരിചയക്കുറവ് ചില മത്സരങ്ങളിൽ തിരിച്ചടി നൽകാറുണ്ടെങ്കിലും അടുത്ത സീസണാകുമ്പോഴേക്കും മികച്ചൊരു സ്‌ക്വാഡായി അവരെ പോച്ചട്ടിനോ മാറ്റിയെടുക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

You Might Also Like