ഫുട്ബോളിൽ കേരളം വേറെ ലെവൽ, ഐ ലീഗിലെ കാണികളുടെ എണ്ണത്തിലും അവിശ്വനീയകുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് ആരംഭിച്ച് പത്ത് വർഷം പോലുമായിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സംഘടിതമായ ഫാൻബേസ് ആയി മാറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ഫുട്ബോളിന് വളരെയധികം വേരോട്ടമുണ്ടെന്നത് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള സംഭാവന നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിലെ ഫുട്ബോൾ ആരാധകർ കരുത്ത് കാണിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ മാത്രമല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഐ ലീഗിലെ ആദ്യത്തെ ഗെയിം വീക്കിലെ കാണികളുടെ കണക്കുകൾ പുറത്തു വന്നപ്പോൾ മറ്റൊരു ടീമിനും തൊടാൻ കഴിയാത്ത ആധിപത്യത്തിലാണ് ഗോകുലം കേരള നിൽക്കുന്നത്. ഇത് കേരളത്തിൽ ഫുട്ബോളിന് എത്രത്തോളം വേരോട്ടമുണ്ടെന്നു വ്യക്തമാക്കുന്നു.

ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്റർ കാശിക്കെതിരെ നടന്ന കഴിഞ്ഞ ഗോകുലം കേരളയുടെ മത്സരത്തിൽ ഉണ്ടായിരുന്ന ആരാധകരുടെ എണ്ണം 19764 ആണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിന്റെ മൈതാനത്ത് എത്തിയത് 4900 പേർ മാത്രമാണെന്ന് അറിയുമ്പോഴാണ് ഗോകുലം കേരളം എത്ര മുന്നിലാണെന്ന് വ്യക്തകളാകുന്നത്. മൂന്നാം സ്ഥാനത്തുള്ള റിയൽ കാശ്‌മീർ എഫ്‌സിയുടെ മൈതാനത്ത് വന്നത് വെറും 1872 കാണികളാണ്.

കഴിഞ്ഞ സീസൺ മുതൽ ഐ ലീഗിൽ വിജയിക്കുന്ന ടീമുകൾക്ക് നേരിട്ട് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാൻ കഴിയും. പഞ്ചാബ് എഫ്‌സി അങ്ങിനെയാണ് ഐഎസ്എല്ലിൽ എത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ കടുത്ത പോരാട്ടം ഐ ലീഗിൽ നടക്കുമെന്നതിൽ സംശയമില്ല. ഗോകുലം കേരളക്ക് ലഭിക്കുന്ന ആരാധകപിന്തുണ നോക്കുമ്പോൾ അടുത്ത സീസണിൽ അവർ ഐഎസ്എല്ലിലേക്ക് യോഗ്യത നേടണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

You Might Also Like