ഐഎസ്എൽ താരങ്ങളെ വെല്ലുന്ന ഗോളടിമികവ്, കൈപ്പത്തിയില്ലാത്ത സാഞ്ചസിന്റെ മാന്ത്രികപ്രകടനം തുടരുന്നു

ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനമുള്ളതിനാൽ തന്നെ ഈ സീസണിൽ മികച്ചൊരു സ്‌ക്വാഡിനെയാണ് ഗോകുലം കേരള അണിനിരത്തിയിരിക്കുന്നത്. എഫ്‌സി ഗോവയിൽ മുൻപ് കളിച്ചിട്ടുള്ള എഡു ബേഡിയ, മുൻ ബാഴ്‌സലോണ അക്കാദമി താരമായ നിലി പെർഡോമോ എന്നിവരെല്ലാം ഗോകുലം കേരളയിലേക്ക് വന്നത് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അലക്‌സ് സാഞ്ചസാണ്.

ഈ സീസണിൽ ഐ ലീഗിൽ നാല് മത്സരങ്ങൾ ഗോകുലം കേരള കളിച്ചപ്പോൾ അതിൽ നിന്നും എട്ടു ഗോളുകളാണ് സാഞ്ചസ് നേടിയിരിക്കുന്നത്. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു. പ്രധാനപ്പെട്ട കാര്യം ഒരു കൈപ്പത്തിയില്ലാത്ത താരമാണ് സാഞ്ചസ് എന്നതാണ്. പിറന്നു വീണപ്പോൾ തന്നെ ഒരു കൈപ്പത്തി ഇല്ലാതിരുന്ന സാഞ്ചസ് തന്റെ പോരായ്‌മയെ തോൽപ്പിച്ചാണ് ഒരു മികച്ച ഫുട്ബോൾ താരമായി വളർന്നു വന്നത്. ലാ ലീഗ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാണ് താരം പ്രൊഫെഷണൽ ഫുട്ബോളിലേക്ക് വന്നിട്ടുള്ളത്.

ഒരു കൈപ്പത്തിയില്ലാതെ പ്രൊഫെഷണൽ ഫുട്ബാൾ കളിക്കുന്ന ആദ്യത്തെ താരം കൂടിയാണ് അലക്‌സ് സാഞ്ചസ്. കരിയറിൽ സ്പെയിനിലെയും ഓസ്‌ട്രേലിയയിലെയും പല ക്ലബുകളിലും കളിച്ചിട്ടുള്ള താരം അവിടെയെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഗോകുലം കേരള താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഞ്ചസിന്റെ കരാർ ഗോകുലം പുതുക്കാനുള്ള സാധ്യത കൂടുതലാണ്.

സാഞ്ചസിന്റെ മിന്നുന്ന പ്രകടനം ഗോകുലം കേരള ഐ ലീഗിൽ കുതിപ്പ് കാണിക്കുന്നതിൽ നിർണായകമാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ഗോകുലം കേരള. നാല് മത്സരങ്ങളിൽ ഒരു സമനിലയും മൂന്ന് ജയവും കുറിച്ച അവർക്ക് ആദ്യത്തെ മത്സരത്തിൽ വിജയം നഷ്‌ടമായത്‌ അവസാന മിനുട്ടിൽ ഗോൾകീപ്പർ വരുത്തിയ പിഴവിനെ തുടർന്നാണ്. എന്തായാലും ഗോകുലവും സാഞ്ചസും അടുത്ത സീസണിൽ ഐഎസ്എല്ലിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You Might Also Like