വിപ്ലവമാറ്റത്തിനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ, VAR നടപ്പിലാക്കാനുള്ള തീരുമാനവുമായി AIFF

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ റഫറിമാരുടെ പിഴവുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. കഴിഞ്ഞ സീസണിലാണ് അത് മൂർഛിച്ചത്. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സി നേടിയ ഗോൾ റഫറി തെറ്റായി വിധിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മൈതാനം വിട്ടു പോയി. അതിനു പിന്നാലെ റഫറിമാർക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. ഐഎസ്എൽ ഫൈനലിലും തെറ്റുകൾ ആവർത്തിച്ചതോടെ വിമർശനങ്ങൾ ഒന്നുകൂടി ശക്തമാവുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ തന്നെ വീഡിയോ റഫറിയിങ് സംവിധാനം ഐഎസ്എല്ലിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിരുന്നു. വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാമെന്ന് ഐഎസ്എൽ അധികൃതർ പറഞ്ഞെങ്കിലും അത് യാഥാർഥ്യമായില്ല. ഈ സീസണിലും റഫറിമാരുടെ പിഴവുകൾ സ്ഥിരമായതോടെ ആരാധകർ പ്രതിഷേധം ശക്തമാക്കി. എന്തായാലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിലെ ഒന്ന്. രണ്ട് ഡിവിഷൻ ലീഗുകളായ എഐഎസ്എല്ലിലും ഐ ലീഗിലും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എന്നാൽ പെട്ടന്നു തന്നെ ഇത് നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. അതിനു സമയമെടുക്കുമെന്നതിനാൽ 2025-26 സീസൺ മുതൽ വീഡിയോ റഫറിയിങ് സംവിധാനം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ റഫറിയിങ് സംവിധാനം വന്നാൽ അതിനുള്ള ക്രെഡിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. റഫറിമാരുടെ പിഴവുകൾ വരുന്ന ഓരോ സമയത്തും അവർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തിയിരുന്നത്. എന്തായാലും ഈ സംവിധാനം വരട്ടെയെന്നാണ് ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്. ഐ ലീഗിലും ഈ സംവിധാനം ഉണ്ടാകുന്നത് ആരാധകർക്ക് ഇരട്ടി മധുരമാകും നൽകുക.

You Might Also Like