റൊണാൾഡോ ആരാധകൻ ഇങ്ങിനെയൊരു ഗോൾ അടിച്ചില്ലെങ്കിലാണ് അത്ഭുതം, അർജന്റീന താരത്തിന്റെ അവിശ്വസനീയ ഗോൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം പിറന്നത് അവിശ്വസനീയ ഗോൾ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന താരമായ ഗർനാച്ചോ നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തിയ ഗോൾ അർജന്റീന താരം നേടിയത്. നിരവധി മത്സരങ്ങൾക്ക് ശേഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടുന്ന ആദ്യത്തെ ഗോൾ കൂടിയായിരുന്നു അത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ ബാക്ക് ലൈനിൽ നിന്നും വന്ന പാസ് സ്വീകരിച്ച റാഷ്‌ഫോഡ് അത് ദാലട്ടിനു നൽകി. പോർച്ചുഗൽ താരത്തിന്റെ ക്രോസ് വന്നത് ബോക്‌സിൽ നിൽക്കുകയായിരുന്ന ഗർനാച്ചോയുടെ അരികിലേക്ക്. താരം അതൊരു ബൈസിക്കിൾ കിക്കിലൂടെ വലയുടെ മൂലയിലേക്ക് പായിച്ചപ്പോൾ എവർട്ടൺ ഗോൾകീപ്പർക്ക് അതിൽ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു പെർഫെക്റ്റ് ബൈസിക്കിൾ ഗോളാണ് ഗർനാച്ചോ നേടിയത്.

ഗോൾ നേടിയതിനു ശേഷം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാഡോയുടെ ട്രേഡ്‌മാർക്ക് സെലിബ്രെഷൻ താരം അനുകരിക്കുകയും ചെയ്‌തു. ഈ ഗോൾ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ആ നേട്ടം സ്വന്തമാക്കിയാൽ ലയണൽ മെസിക്ക് പോലും നേടാനാവാത്ത അവാർഡാണ് അർജന്റീന താരത്തെ തേടിയെത്തുക. എറിക് ലമേല മാത്രമാണ് ഇതിനു മുൻപ് അർജന്റീനയിൽ നിന്ന് പുഷ്‌കാസ് നേടിയിട്ടുള്ളത്.

അർജന്റീന ടീമിൽ തന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ഈ ഗോളിലൂടെ താരത്തെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയുടെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ താരം ഉണ്ടായിരുന്നില്ല. മികച്ച ഫോമിലല്ല കളിക്കുന്നത് എന്നതായിരുന്നു അതിനു കാരണമായി അർജന്റീന പരിശീലകൻ പറഞ്ഞത്. ഈ ഫോം നിലനിർത്താൻ കഴിഞ്ഞാൽ കോപ്പ അമേരിക്കക്കുള്ള ടീമിൽ ഗർനാച്ചോക്ക് സ്ഥാനമുറപ്പിക്കാൻ കഴിയും.

You Might Also Like