രഹാനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം, ഇതെന്തൊരു ദുരന്തം?

ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയ്ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ രൂക്ഷ വിമര്‍ശനം. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി മഞ്ജരേക്കറെത്തിയത്. ആദ്യ ഇന്നിങ്സില്‍ ഒരു റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ റണ്‍സെടുക്കാതെയുമാണ് രഹാനെ പുറത്തായത്.

ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം കാര്യമായൊന്നും രഹാനെയുടെ ബാറ്റില്‍ നിന്നുണ്ടായിട്ടില്ല. പിന്നീട് അദ്ദേഹത്തിന്റെ സ്‌കോര്‍ 27, 22, 4, 37, 24, 1, 0 എന്നിങ്ങനെയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കര്‍ വിമര്‍ശനം ഉന്നയിച്ചത്.

‘രഹാനെ എന്ന ക്യാപ്റ്റനില്‍ എനിക്കുള്ള അതൃപ്തി രഹാനെ എന്ന ബാറ്റ്‌സ്മാനാണ്. മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം 27,22,4,37,24,1,0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ഒരു സെഞ്ചുറിക്ക് ശേഷം ക്ലാസ് കളിക്കാര്‍ അവരുടെ ഫോം തുടരുകയും, ഫോമിലല്ലാത്ത കളിക്കാരുടെ ഭാരം കൂടി ഏറ്റെടുക്കുകയും ചെയ്യും.” മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.

2016-17 ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം നാട്ടില്‍ നടന്ന 29 ഇന്നിങ്സില്‍ 32.33 മാത്രമാണ് രഹാനെയുടെ ശരാശരി. ഇതില്‍ 19 തവണയും പുറത്തായത് സ്പിന്നിനെതിരായാണ്. സ്പിന്നര്‍മാര്‍ക്കെതിരെ 25.31 മാത്രമാണ് രഹാനെയുടെ ശരാശരി. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ സ്പിന്നിനെതിരെയാണ് താരം പുറത്തായത്.

ക്യാപ്റ്റനെന്ന നിലയില്‍ രഹാനെയ്ക്ക് നല്ല മതിപ്പാണ് ലഭിച്ചിരുന്നത്. ഓസീസ് പര്യടനത്തില്‍ 1-0ത്തിന് പിറകില്‍ നിന്ന ശേഷം ടീം ഇന്ത്യ പരമ്പര തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ താരത്തിന് പലപ്പോഴും വിനയാകുന്നു. ടീമില്‍ സ്ഥാനം നിര്‍ത്തണമെങ്കില്‍ രഹാനെ റണ്‍സ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

You Might Also Like