ബെക്കാമിന്റെ കരിയിലകിക്കുകള്‍ അവസാനിക്കുന്നില്ല; വരവറിയിച്ച് ജൂനിയര്‍ ബെക്കാം കളത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തേയും മികച്ചതാരമാണ് ഡേവിഡ് ബെക്കാം. ഫ്രീകിക്ക് ഗോളുകളുടെ സുന്ദരനിമിഷങ്ങള്‍ ലോകഫുട്‌ബോളിന് സമ്മാനിച്ച താരം. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പിന്‍ഗാമിയായി മകന്‍ റോമിയോ ബെക്കാമും കാല്‍പന്തുകളിയില്‍ വരവറിയിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ബ്രെന്‍ഡ് ഫോര്‍ഡ് റിസര്‍വ് ടീം അംഗമായാണ് ഇരുപതുകാരനെത്തിയത്. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ നിന്ന് ലോണിലാണ് റോമിയോ ഇംഗ്ലീഷ് ക്ലബിലെത്തിയത്.

ക്ലബിന് വേണ്ടി 26 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.ബ്രന്റ്‌ഫോര്‍ഡിന്റെ റിസര്‍വ്വ് ടീമിലേക്കാണ് മിഡ്ഫീല്‍ഡറായ യുവതാരമെത്തുക. ഇംഗ്ലണ്ട് ക്ലബിലേക്കുള്ള വരവ് പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് റോമിയോ പറയുന്നത്. അവസരങ്ങള്‍ മികച്ചരീതിയില്‍ വിനിയോഗിച്ച് സീനിയര്‍ ടീമിലേക്കെത്തുകയാണ് ലക്ഷ്യം. ഇന്റര്‍ മിയാമിക്ക് വേണ്ടി രണ്ട് ഗോളുകളും 10 അസിസ്റ്റുമാണ് താരം നടത്തിയത്.ഡേവിഡ് ബെക്കാം സഹ ഉടമയായ ക്ലബാണ് ഇന്റര്‍ മിയാമി.


കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് വേദിയില്‍ ഡേവിഡ് ബെക്കാമിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങളിലെല്ലാം ഗ്യാലറിയില്‍ പ്രോത്സാഹനവുമായി മുന്‍താരമെത്തി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ടീം പുറത്തായപ്പോള്‍ ഹാരികെയിനും സംഘത്തിനും ആശ്വാസവാക്കുകളുമായി ബെക്കാമെത്തിയിരുന്നു. 1996 മുതല്‍ 2009 വരെ സീനിയര്‍ ടീമില്‍ കളിച്ച ബെക്കാം 115 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. പി.എസ്.ജി, എ.സി മിലാന്‍, റിയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

You Might Also Like