അഞ്ചു ടീമുകൾക്ക് ഐഎസ്എൽ കിരീടസാധ്യത, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്‌സി ഗോവയും സമനിലയിൽ പിരിഞ്ഞതോടെ ലീഗ് കിരീടപ്പോരാട്ടം ഒന്നുകൂടി മുറുകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ലീഗിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്ന എല്ലാ ടീമുകൾക്കും കിരീടം നേടാൻ കഴിയും. അതുകൊണ്ടു തന്നെ അവസാനറൌണ്ട് പോരാട്ടങ്ങൾ കൂടുതൽ ആവേശകരമായി മാറുമെന്നുറപ്പാണ്.

ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കൈവിട്ടതോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് മുംബൈക്ക് നഷ്‌ടമായത്. നിലവിൽ പതിനാറു മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ട് വീതം പോയിന്റ് സ്വന്തമാക്കി ഒഡിഷയും മുംബൈ സിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു മത്സരം കുറവ് കളിച്ച് മുപ്പത് പോയിന്റുമായി മോഹൻ ബാഗാൻ മൂന്നാം സ്ഥാനത്തുണ്ട്.

പതിനാറു മത്സരങ്ങൾ വീതം കളിച്ച് ഇരുപത്തിയൊമ്പത് പോയിന്റുമായി എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു. ഈ ടീമുകൾക്കെല്ലാം കിരീടസാധ്യതയുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനി മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരവും ജംഷഡ്‌പൂർ, നോർത്ത്ഈസ്റ്റ് എന്നിവർക്കെതിരെയുള്ള എവേ മത്സരവുമാണ് കടുപ്പമേറിയ പോരാട്ടങ്ങൾ. അതടക്കം ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ കിരീടം നേടാൻ സാധ്യതയുണ്ട്.

മറ്റു ടീമുകളെല്ലാം പോയിന്റ് നഷ്‌ടപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ കൂടുതൽ നൽകുന്നു. കാരണം ചെറിയ ക്ലബുകൾക്കെതിരെയുള്ള പോരാട്ടവും ഇനി വളരെ കടുപ്പമേറിയതാകും. ആറാം സ്ഥാനത്തു നിൽക്കുന്ന ജംഷഡ്‌പൂർ മുതൽ പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ എഫ്‌സിക്ക് വരെ പ്ലേ ഓഫിലേക്കുള്ള ആറാം സ്ഥാനത്തെത്താൻ കഴിയുമെന്നതിനാൽ എല്ലാ ക്ലബുകളും വമ്പൻ പോരാട്ടം തന്നെയാകും നടത്തുക.

You Might Also Like