ഗ്യാലറിയില്‍ ഓസിലെത്തി, ജര്‍മ്മനിയ്ക്കല്ല, നന്ദി ആ രാജ്യത്തിന്

ദോഹ: ഖത്തര്‍ ലോകകപ്പ് വേദിയിലെ ഗ്യാലറിയില്‍ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മുന്‍ ജര്‍മന്‍ താരം മൊസ്യൂട്ട് ഓസില്‍. ലോകകപ്പ് സംഘാടകരായ ഖത്തറിനെ പ്രശംസകൊണ്ട് മൂടിയതാരം സംഘാടനത്തിലെ തൃപ്തിയും രേഖപ്പെടുത്തി. ഇനി നടക്കാനുള്ള മത്സരങ്ങള്‍ക്ക് ആശംസകള്‍നേരുകയും ചെയ്തു. ദൈവഹിതമുണ്ടെങ്കില്‍ വീണ്ടുംകാണുമെന്നും ഓസില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ദോഹയിലെ അല്‍ബെയ്ത് സ്‌റ്റേഡിയത്തില്‍ നടന്ന സ്‌പെയിന്‍-ജര്‍മനി മത്സരത്തിനിടെ കാണികള്‍ ഓസിലിന്റെ ചിത്രങ്ങളുമായി ഗ്യാലറിയിലെത്തിയിരുന്നു. ഓസിലിനോട് ജര്‍മനി അനീതികാട്ടിയെന്ന് ചൂണ്ടിക്കാട്ടിയ ആരാധകരുടെ പ്രതികരണം വലിയതോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വണ്‍ലൗ ആംബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് നടന്ന ഫോട്ടോസെഷനില്‍ താരങ്ങള്‍ വാപൊത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജര്‍മനിയുടെ രണ്ടാംമത്സരത്തില്‍ ഒരുവിഭാഗം ആരാധകര്‍ ഓസിലിന്റെ ചിത്രം ഗ്യാലറിയില്‍ നിന്ന് ഉയര്‍ത്തികാണിച്ചത്.


തുര്‍ക്കി വംശജനായ ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വംശീയ വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. 2018 റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിയുടെ പരാജയത്തിന് കാരണം ഓസിലാണെന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. താരത്തിനെതിരെ വംശീയ അധിക്ഷേപവുമുണ്ടായി.

തുടര്‍ന്നാണ് 30ാം വയസില്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2014 ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു ഓസില്‍. പ്രീമിയര്‍ലീഗ് ആഴ്‌സനില്‍ ദീര്‍ഘകാലം കളിച്ചിരുന്ന ഓസില്‍ നിലവില്‍ തുര്‍ക്കി പ്രൊഫഷണല്‍ ക്ലബിലാണ് കളിക്കുന്നത്.

You Might Also Like