ജപ്പാന്‍താരങ്ങളെ നെഞ്ചിലേറ്റി നാട്ടുകാര്‍; ലോകകപ്പ് സംഘത്തിന് രാജകീയ വരവേല്‍പ്പ്

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളില്‍ തോറ്റ് നാട്ടില്‍തിരിച്ചെത്തിയ ടീമിന് ലഭിക്കുന്ന സ്വീകരണം എങ്ങനെയായിരിക്കും. ആളും ആരവവുമില്ലാതെ എയര്‍പോര്‍ട്ടിലൂടെ താരങ്ങള്‍ നടന്നകലുന്ന കാഴ്ചയായിരിക്കും എല്ലാവരുടേയും മനസില്‍. എന്നാല്‍ ക്രൊയേഷ്യയോട് പ്രീക്വാര്‍ട്ടറില്‍തോറ്റ് പുറത്തായി നാട്ടില്‍തിരിച്ചെത്തിയ ജപ്പാന്‍ ടീമിന് ലഭിച്ച സ്വീകരണം അവിശ്വസിനീയമായിരുന്നു. ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനെയും ജര്‍മ്മനിയേയും കീഴടക്കി മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍മാരായണ് ജപ്പാന്‍ നോക്കൗട്ടിലേക്ക് പ്രവേശിച്ചത്.

എന്നാല്‍ ക്രൊയേഷ്യയോട് അവസാനം വരെ പോരാടി പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയമേറ്റുവാങ്ങിയത്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റന്‍ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോന്‍, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.വ്യക്തിഗത മികവുകളും ടീം പ്രയത്‌നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങള്‍ക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കളത്തില്‍ മാത്രമല്ല ജപ്പാന്‍ അറേബ്യന്‍മണ്ണില്‍ ശ്രദ്ധയാകര്‍ഷിച്ചത്. മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ആരാധകരും, താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കിയും വ്യത്യസ്തമായി. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


തികഞ്ഞ പോരാളികളായാണ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് സാമുറായികള്‍ മടങ്ങിയത്. മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം മികച്ചുനിന്നു. പരിശീലകന്റെ സബ്സ്റ്റിറ്റിയൂഷനുകളും പലപ്പോഴും ഫലംകണ്ടു. ഏഷ്യയുടെ പ്രതീക്ഷയായി ജപ്പാനും ഉത്തരകൊറിയയും ഓസ്‌ട്രേലിയയുമായിരുന്നു നോക്കൗട്ട് പ്രവേശനം നേടിയത്. ഇതില്‍ അര്‍ജന്റീനയോട് തോറ്റ് ഓസ്‌ട്രേലിയയും ബ്രസീലിനോട് തോറ്റ് ദക്ഷിണ കൊറിയയും പുറത്തായിരുന്നു.

You Might Also Like