ആ ലോകകപ്പ് മത്സരം ചരിത്രമാകും, തകര്‍പ്പന്‍ തീരുമാനവുമായി ഫിഫ

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ മത്സരംനിയന്ത്രിക്കുന്നു. നാളെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജര്‍മ്മനി-കോസ്റ്ററിക്ക ഗ്രൂപ്പ് പോരാട്ടമാണ് ചരിത്രത്തില്‍ ഇടംപിടിക്കുക. ഫിഫ ട്വിറ്ററിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടായിരിക്കും റഫറി. ബ്രസീലില്‍ നിന്നുള്ള നുസ ബക്കും മെക്‌സിക്കോ സ്വദേശി കാരന്‍ ഡയസുമാകും അസിസ്റ്റന്റ് റഫറിമാര്‍.

മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലും യൂറോപ്പ ലീഗിലും നേരത്തെ വനിതാറഫറിയാണ് കളിനിയന്ത്രിച്ചിരുന്നത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടിയ യുവേഫ സൂ്പ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനിയ്ക്കായിരുന്നു അവസരം നല്‍കിയത്. ഈ ലോകകപ്പില്‍ പോളണ്ട്-മെക്‌സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരി. എന്നാല്‍ സ്റ്റെഫാനിയ്‌ക്കൊപ്പം അസിസ്റ്റന്റ് റഫറിമാരായി പ്രവര്‍ത്തിക്കുന്നവരും വനിതകളാകുന്നത് ആദ്യമായാണ്. നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകളാണ് ഉള്‍പ്പെട്ടിരുന്നത്. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിന് പുറമെ ജപ്പാനില്‍ നിന്നുള്ള യോഷിമ യമഷിത, റുവാണ്ടിയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് മറ്റുരണ്ട് പേര്‍.


ലോകകപ്പ് വേദിയില്‍ പ്രധാന റഫറിയും അസിസ്റ്റന്റ് റഫറിമാരും വനിതകളാകുന്നത് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമാണ്. നിലവില്‍ വാര്‍ സഹായമടക്കം ഉള്‍പ്പെടുത്തി ടെക്‌നോളജി പരമാവധി പ്രയോചനപ്പെടുത്തിയാണ് ഓരോ മത്സരവും നടക്കുന്നത്. അതിനാല്‍ റഫറിമാരുടെ ജോലിയും വളരെ ശ്രമകരമാണ്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരമായതിനാല്‍ ജര്‍മനിയ്ക്കും കോസ്റ്ററിക്കക്കും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്.

You Might Also Like