ആ ഗോൾ റോണോയുടെതോ അതോ, ബ്രൂണോയുടെതോ? നിർണായക തീരുമാനവുമായി ഫിഫ രംഗത്ത്

ദോഹ: ഉറുഗ്വെയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ വലിയജയം നേടി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും മത്സരത്തില്‍ പിറന്നഗോളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം അവസാനിച്ചിരുന്നില്ല. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പേരിലാണ് ഇരു ഗോളുകളും കുറിക്കപ്പെട്ടതെങ്കിലും ഒരു ഗോള്‍ റൊണാള്‍ഡോയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് ആരാധകരുടെ പക്ഷം.

ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. ഹെഡ്ഡര്‍ ഗോള്‍ എന്ന നിലയില്‍ ആഘോഷിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ ഹെഡ്ഡറിന് ശ്രമിച്ചതോടെ ഗോളിയ്ക്ക് ആശയകുഴപ്പമുണ്ടാകുകയും പന്ത് വലിയിലാകുകയുമായിരുന്നു. എന്നാല്‍ ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഗോള്‍ ബ്രൂണോയുടെ പേരിലായിരുന്നു.


അതേസമയം, തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഫിഫ ടെക്‌നിക്കല്‍ ടീമിന്റെ ഔദ്യോഗിക തീരുമാനവും പുറത്തെത്തി. പന്തിനുള്ളിലെ സാങ്കേതിക വിദ്യ തെളിയിക്കുന്നതും റൊണാള്‍ഡോയുടെ തല പന്തില്‍ കൊണ്ടിട്ടില്ല എന്നാണെന്ന് ഫിഫ ടെക്നിക്കൽ  ടീം വ്യക്തമാക്കുന്നു. ബോളില്‍ മാച്ച് ഒഫീഷ്യല്‍സിന് തത്സമയ ഡാറ്റ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സറുകള്‍ ഉപയോഗിച്ച് കളിക്കാര്‍ നടത്തുന്ന എല്ലാ ടച്ചുകളുംപിടിച്ചെടുക്കാൻ സാധിക്കും വിധമാണ് പന്തിന്റെ നിർമാണം. ഓഫ്‌സൈഡ് സാഹചര്യങ്ങൾ തിരിച്ചറിയാനും വ്യക്തമല്ലാത്ത ടച്ചുകള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കും.


ഗോള്‍ ആർക്ക് അവകാശപ്പെട്ടതാണ് എന്ന ചര്‍ച്ചക്കിടെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയെ സമീപിക്കുന്നതായുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പേരില്‍ ഗോള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫെഡറേഷനുള്ളത്. ഗോള്‍നേടിയത് താനാണെന്ന് റൊണാള്‍ഡോ ഉറപ്പിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗണും വ്യക്തമാക്കുന്നു. ആ ഗോള്‍ തന്റേതാണെന്ന് സൂപ്പര്‍താരം അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് ഗിവ് മീ സ്‌പോര്‍ട് ഡോട്ട് കോം എന്ന മാധ്യമവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വീണ്ടും ഗോള്‍ചര്‍ച്ച നടക്കുന്നതിനിടെയാണ് അന്തിമ തീരുമാനവുമായി ഫിഫ രംഗത്തെത്തിയിരിക്കുന്നത്.

You Might Also Like