ഫിഫ ഫുട്‌ബോളര്‍ പുരസ്‌കാരം; സാധ്യതാ പട്ടികയില്‍ ഈ താരങ്ങള്‍ മുന്നില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ ഫിഫയുടെ മികച്ചതാരമായി ആരുതെരഞ്ഞെടുക്കപ്പെടും. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കാനിരിക്കുന്ന അവാര്‍ഡിലേക്ക് പരിഗണിക്കുന്നവരില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍താരവും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ കിലിയന്‍ എംബാപെയുമാണ് മുന്നിലുള്ളത്.

ഫൈനലില്‍ കളിച്ച ഇരുടീമിനുമായി ഈ താരങ്ങളുടെ വ്യക്തിഗത മികവ് പ്രധാനമായിരുന്നു. ഫൈനലില്‍ ഹാട്രിക് അടക്കം എംബാപെ സ്വന്തമാക്കിയപ്പോള്‍ ഗോളടിച്ച് മെസിയും തിളങ്ങിയിരുന്നു.


32 ടീമുകള്‍ മാറ്റുരച്ച ഖത്തര്‍ ലോകകപ്പിലെ പ്രകടനം പുരസ്‌കാരത്തിന് പ്രഥമപരിഗണനയാകുമെന്ന് ഫിഫ വ്യക്തമാക്കുന്നു. മെസിയ്ക്കും എംബാപ്പെക്കും പുറമെ ഒട്ടേറെ കളിക്കാര്‍ ലോകകപ്പിനെ അടയാളപ്പെടുത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാവും ഫിഫ മികച്ചതാരത്തെ തിരഞ്ഞെടുക്കുക.

റയല്‍മാഡ്രിഡില്‍ അഞ്ചാമത് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാംസ്ഥാനത്തെത്തിച്ച പ്രകടനവും ലൂക്കാമോഡ്രിച്ചിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മികച്ച താരത്തിന് പുറമെ പരിശീലകനായി അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി, ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാപ്‌സ്, മൊറോക്കോയെ സെമിയിലെത്തിച്ച് അത്ഭുതംതീര്‍ത്ത വലീദ് റെഗ്‌റാഗ്വി, റയല്‍മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലെത്തിച്ച കാര്‍ലോസ് അഞ്ചലോട്ടി തുടങ്ങിവരും പരിഗണനയിലുണ്ട്.

ഫിഫ ലോകകപ്പിന് പുറമെ ബാലന്‍ഡിയോര്‍ പുരസ്‌കാരസാധ്യതാപട്ടികയും മെസിയും എംബാപെയും തന്നെയാണ് മുന്നില്‍. ലോകകപ്പ് നേട്ടത്തിന് പുറമെ ചാമ്പ്യന്‍സ് ലീഗ് കിരീടം പി.എസ്.ജിക്ക് വേണ്ടി നേടാനാകുമെന്ന ആത്മവിശ്വാസമാണ് മെസിക്കുള്ളത്.

ക്ലബുമായുള്ള കരാര്‍ പുതുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മെസി,എംബാപെ,നെയ്മര്‍ തുടങ്ങി മികച്ച മുന്നേറ്റനിരയുണ്ടായിട്ടും കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മികച്ച പ്രകടനത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഫ്രഞ്ച് ക്ലബ്. കഴിഞ്ഞ ബാലന്‍ഡിയോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമക്കാണ് ലഭിച്ചത്.

You Might Also Like