അസാധ്യഗോളോടെ വേട്ട തുടങ്ങി ക്യാപ്റ്റൻ ലിത്വാനിയ, ഇനിയുമേറെ ഗോളുകൾ പിറക്കുമെന്ന പ്രതീക്ഷയോടെ ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ പ്രതീക്ഷയോടെ കണ്ട ഒരു സൈനിങായിരുന്നു ലിത്വാനിയൻ താരമായ ഫെഡോർ ഷെർണിച്ചിന്റേത്. അഡ്രിയാൻ ലൂണയുടെ പകരക്കാരനായാണ് ഫെഡോർ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് എന്നതിനൊപ്പം യൂറോപ്പിലെ വമ്പൻ ടീമുകൾക്കും വമ്പൻ താരങ്ങൾക്കുമെതിരെ കളിച്ചിട്ടുണ്ടെന്നതും ആരാധകരിൽ പ്രതീക്ഷ വളരാൻ കാരണമായി.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇന്നലെ നാലാമത്തെ മത്സരത്തിൽ ഇറങ്ങിയ താരം തന്റെ ആദ്യത്തെ ഗോൾ നേടുകയുണ്ടായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ദിമിത്രിയോസ് നൽകിയ പാസ് സ്വീകരിച്ച് അസാധ്യമായ ഒരു ആംഗിളിൽ നിന്നും ഗോൾകീപ്പർ ഒട്ടും പ്രതീക്ഷിക്കാത്ത ചെറിയ ഗ്യാപ്പിലൂടെ ഷോട്ട് തൊടുത്താണ് തന്റെ ആദ്യത്തെ ഗോൾ ഷെർണിച്ച് നേടിയത്.

ഗോളിന് പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോളിന് കാരണമായി മാറിയ പെനാൽറ്റിയിലും ലിത്വാനിയൻ ദേശീയ ടീമിന്റെ നായകന് പങ്കുണ്ട്. ഫെഡോറിനു കൃത്യമായി ഹെഡ് ചെയ്യാൻ പാകത്തിന് ഡൈസുകെ നൽകിയ ക്രോസ് തടുക്കാൻ ഗോവൻ താരം ശ്രമിച്ചതാണ് ഹാൻഡ് ബോളിലും പെനാൽറ്റിയിലും കലാശിച്ചത്. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഏറ്റവും മികച്ച മത്സരമാണ് ഫെഡോർ പൂർത്തിയാക്കിയത്.

മത്സരത്തിൽ ഫെഡോർ മികച്ച പ്രകടനം നടത്തിയത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണ്. അസാധ്യമായ ഗോളുകൾ നേടുന്നതിൽ തനിക്കുള്ള കഴിവ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലും പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. യൂറോപ്പിലെ വമ്പൻ മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരം ഈ ഗോളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്താൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിനും കരുത്ത് പകരും.

You Might Also Like