ദിമിത്രിയോസ് ക്ലബ് വിടുന്നതിൽ നിരാശ വേണ്ട, പകരക്കാരനാവാൻ കഴിയുന്ന താരം ബ്ലാസ്റ്റേഴ്‌സിലുണ്ട്

ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരം ഈ സീസണിൽ ഐഎസ്എല്ലിലെ തന്നെ ടോപ് സ്കോററായി നിൽക്കുമ്പോഴാണ് ക്ലബ് വിടുമെന്ന വാർത്തകൾ സജീവമാകുന്നത്.

ദിമിത്രിയോസ് ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണെങ്കിലും ആരാധകർ മുഴുവനായും നിരാശപ്പെടേണ്ട കാര്യമില്ല. ഗ്രീക്ക് താരത്തിന് പകരക്കാരനാവാൻ കഴിയുന്ന കളിക്കാരൻ ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടെന്നതിനാൽ അഭാവം പരിഹരിക്കാൻ ടീമിന് എളുപ്പത്തിൽ കഴിയും. ജനുവരിയിൽ ലൂണക്ക് പകരമെത്തിയ ഫെഡോർ ചെർണിച്ചിനാണ്‌ ദിമിക്ക് പകരക്കാരനാവാൻ കഴിയുക.

സെൻട്രൽ സ്‌ട്രൈക്കറായും വിങ്ങിലും കളിക്കാൻ കഴിയുന്ന ചെർണിച്ച് ജനുവരിയിൽ ടീമിലെത്തി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന ചെർണിച്ചിന് ഇവിടുത്തെ രീതികളുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടാൻ സമയം ആവശ്യമുണ്ട്. അതിനോട് ഇണങ്ങിച്ചേർന്നാൽ താരത്തിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും.

ടീമുമായും ഇന്തയുമായും കൂടുതൽ ഇണങ്ങിച്ചേരൻ ഈ സീസൺ കഴിയുന്നത് വരെ താരത്തിന് സമയമുണ്ട്. യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻ ടീമുകളോട് ഏറ്റുമുട്ടിയിട്ടുള്ള താരമാണ് ചെർണിച്ച്. യൂറോപ്യൻ രാജ്യമായ ലിത്വാനിയയുടെ നായകൻ കൂടിയായ ചെർണിച്ചിന്റെ പരിചയസമ്പത്തും ബ്ലാസ്റ്റേഴ്‌സിന് വലിയൊരു കരുത്ത് തന്നെയാണ്.

ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ചെർണിച്ചിന് പുതിയ കരാർ നൽകുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി ചെയ്യാനുള്ളത്. ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്ററുടെ നാട്ടുകാരൻ ആയതിനാൽ അതിനു വലിയ പ്രയാസമുണ്ടാകില്ല. ചെർണിച്ച്, പെപ്ര തുടങ്ങിയ താരങ്ങൾ സ്‌ട്രൈക്കറായി ഉണ്ടെങ്കിൽ ദിമിയുടെ അഭാവം ഒരു തരത്തിലും ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കില്ല.

You Might Also Like