അംഗൂളോയെ പുറത്താക്കാനുളള കാരണം വെളിപ്പെടുത്തി ഗോവന്‍ കോച്ച്

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ എഫ്.സി ഗോവ ടീമില്‍ നിന്ന് സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയെ പുറത്താക്കാനുളള കാരണമെന്തെന്ന് വെളിപ്പെടുത്തി കോച്ച് ജുവാന്‍ ഫെറാന്‍ഡോ രംഗത്ത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അംഗൂളോയെ ഒഴിവാക്കാനുളള കാരണം ഫെറാന്‍ഡോ വിശദമാക്കിയത്.

അംഗൂളോയെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അവസാനനിമിഷമാണ് എടുത്തതെന്നും ടീമിന്റെ പ്രതിരോധനിരയില്‍ ചില പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറയുന്നു. പ്രതിരോധ നിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് വിദേശ സെന്റര്‍ബാക്കുകളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ടിവന്നുവെന്നും ഇതാണ് അംഗൂളോയെ ഒഴിവാക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അംഗൂളോ മികച്ച കളിക്കാരനാണെന്നും എന്നാല്‍ സ്പാനിഷ് താരം ഇല്ലാത്തതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഈ സ്‌ക്വാഡില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും ഫെറാന്‍ഡോ പറഞ്ഞു.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഖത്തര്‍ ക്ലബ് അല്‍ റയാനെയാണ് ഗോവ നേരിടുന്നത്. ഒരു ഇന്ത്യന്‍ ക്ലബിന്റെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റമാകും ഇത്. രാത്രി പത്തരയ്ക്ക് ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

You Might Also Like