അപ്പീല്‍ ചെയ്യാതെ തന്നെ സ്വയം പുറത്തേയ്ക്ക് പോയി ഫഖര്‍ സമാന്‍, ഇതാ അവിശ്വസനീയ കാഴ്ച്ച

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ഹൈ പ്രെഷര്‍ ഗെയിമില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന്റെ സത്യസദ്ധത ചര്‍ച്ചയായരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു അപ്പീല്‍ പോലുമില്ലാതിരുന്നിട്ടും ഔട്ടാണെന്നു സ്വയം സമ്മതിച്ച് ഫഖര്‍ സമാന്‍ ക്രീസ് വിടുകയായിരുന്നു.

ഇന്ത്യന്‍ പേസര്‍ ആവേശ് ഖാനായിരുന്നു അപ്രതീക്ഷിത വിക്കറ്റ് ലഭിച്ചത്. ഫഖര്‍ സ്വയം ക്രീസ് വിട്ടില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു സംഭവം തന്നെ ഇന്ത്യന്‍ താരങ്ങള്‍ അറിയുമായിരുന്നില്ല.

പാകിസ്താന്‍ ഇന്നിങ്സിലെ ആറാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. കളിയില്‍ ആവേശ് ഖാന്റെ ആദ്യത്തെ ഓവര്‍ കൂടിയായിരുന്നു ഇത്. മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനുമായിരുന്നു ക്രീസില്‍. ആദ്യ ബോളില്‍ ഫഖര്‍ സിംഗിളെടുത്തു. തൊട്ടടുത്ത ബോള്‍ റിസ്വാന്‍ സിക്സറിലേക്കു പായിച്ചു. മൂന്നാമത്തേത് യോര്‍ക്കറായിരുന്നു. പക്ഷെ മിഡ് വിക്കറ്റിലെ വലിയ ഗ്യാപ്പിലൂടെ റിസ്വാന്‍ അതിവേഗം ബോളിനെ ബൗണ്ടറി കടത്തി.

നാലാമത്തെ ബോളില്‍ മുഹമ്മദ് റിസ്വാന്‍ സിംഗിള്‍ കണ്ടെത്തി. അഞ്ചാത്തേത് ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഒരു ഷോര്‍ട്ട് പിച്ച് ബോളായിരുന്നു. നിരുപദ്രവകാരിയെന്നു തോന്നിച്ച ബോള്‍. പക്ഷെ ഫഖര്‍ അതു ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ ദിനേശ് കാര്‍ത്തികിന്റെ ഗ്ലൗസില്‍. കാര്‍ത്തികിന്റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല. ആവേശും അങ്ങനെ തന്നെ.

പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫഖര്‍ ക്രീസ് വിടുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് അപ്പോള്‍ ആശ്ചര്യവും പിന്നാലെ സന്തോഷവും കാണാമായിരുന്നു. ഫഖര്‍ ക്രീസ് വിട്ടപ്പോഴാണ് അംപയര്‍ അത് ഔട്ടാണാണെന്നു വിധിച്ചത്. ബോള്‍ ബാറ്റില്‍ ഉരസിയിരുന്നുവെന്നു ബൗളറോ വിക്കറ്റ് കീപ്പറോ അറിഞ്ഞില്ല. അതിനാല്‍ തന്നെ ആരും അപ്പീല്‍ ചെയ്തതുമില്ല.

പക്ഷെ ഫഖറിന്റെ തീരുമാനമായിരുന്നു ശരിയെന്നു പിന്നീട് റീപ്ലേകള്‍ കാണിച്ചുതന്നു. ബോള്‍ ബാറ്റില്‍ ഉരസിയിരുന്നതായി അള്‍ട്രാ എഡ്ജില്‍ തെളിയുകയായിരുന്നു. ആറു ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 10 റണ്‍സാണ് ഫഖര്‍ നേടിയത്. ഫഖറിന് ക്രീസില്‍ നിലയുറപ്പിക്കാനായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നായേനെ.

 

You Might Also Like