റൊണാൾഡോക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ അസംബന്ധം കാണിക്കുന്നു, വിമർശനവുമായി എറിക് ടെൻ ഹാഗ്

തുടർച്ചയായ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ നടന്ന കളിയിൽ തോൽവിയേറ്റു വാങ്ങിയിരുന്നു. ഉനെ എമറി പരിശീലകനായ ആസ്റ്റൺ വില്ലക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ആദ്യമായി റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനായ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. എന്നാൽ മികച്ച പ്രകടനം നടത്തി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയാതെ പോർച്ചുഗൽ നായകൻ ബുദ്ധിമുട്ടുന്ന കാഴ്‌ചയാണ്‌ ഇന്നലത്തെ മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ മോശം പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കുന്നതിലും പിന്നിലായിരുന്നു. ആദ്യപകുതിയിൽ ഒരു ക്രോസിൽ നിന്നും റൊണാൾഡൊയുതിർത്ത ഹെഡർ എമിലിയാനോ മാർട്ടിനസ് കാലു കൊണ്ടാണ് സേവ് ചെയ്‌തത്‌. റൊണാൾഡോയെ ലക്ഷ്യമാക്കി ക്രിസ്റ്റ്യൻ എറിക്‌സൺ നൽകിയ ആ ക്രോസ് പരിശീലകൻ എറിക് ടെൻ ഹാഗിന് സന്തോഷമുണ്ടാക്കിയെങ്കിലും റൊണാൾഡോ ബോക്‌സിലുണ്ടെന്ന കാരണത്താൽ കൂടുതൽ ക്രോസുകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത് മണ്ടത്തരമാണെന്നാണ് അദ്ദേഹം പറയുന്നത്.

“അതു ചെയ്യുന്നത് മണ്ടത്തരമാണ്. ഞങ്ങൾ ഒരുപാട് അകലെ നിന്നും വളരെ പെട്ടന്ന് കുറച്ച് ക്രോസുകൾ നൽകുകയുണ്ടായി. അത് താരത്തെ സഹായിക്കുന്നില്ല. ക്രോസുകൾ നൽകേണ്ടത് ശരിയായ സമയത്താണ്. രണ്ടാം പകുതിയിലും അതു തന്നെയാണ് സംഭവിച്ചത്. ഞങ്ങൾ വളരെ പെട്ടന്നാണ് അത് ചെയ്‌തിരുന്നത്‌. ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ എറിക്‌സൺ റൊണാൾഡോക്ക് നൽകിയ ക്രോസ് ആയിരുന്നു ശരിയായ നിമിഷത്തിൽ പിറന്നത്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എറിക് ടെൻ ഹാഗ് പറഞ്ഞു.

നായകനായി ഇറങ്ങിയ റൊണാൾഡോയുടെ മറ്റൊരു മോശം പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ കണ്ടത്. ആകെ ഒരു ഷോട്ട് മാത്രമേ താരത്തിന് തൊണ്ണൂറു മിനുട്ട് കളിച്ച് ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ. ആസ്റ്റൺ വില്ല താരങ്ങളെ നിരന്തരം ഫൗൾ ചെയ്ത താരത്തിന് ടൈറോൺ മിങ്‌സുമായുണ്ടായ കശപിശയുടെ പേരിൽ റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന റൊണാൾഡോയുടെ കാലം കഴിഞ്ഞുവോയെന്ന് പല ആരാധകരും സംശയിച്ചു തുടങ്ങിയിട്ടുണ്ട്.

You Might Also Like