ബാഴ്സ താരം പുറത്ത്, പകരം റയൽ താരത്തെ സ്‌ക്വാഡിലുൾപ്പെടുത്തി എൻറിക്കെ

Image 3
FeaturedFootballInternational

റയൽ ബെറ്റിസുമായുള്ള മത്സരത്തിൽ ബാർസലോണ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയെങ്കിലും യുവതാരം അൻസു ഫാറ്റിക്ക് പരിക്കേറ്റത് ബാഴ്സക്ക് വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. റയൽ ബെറ്റിസ് താരം ഐസ മെൻഡിയുടെ ഫൗളിലാണ് അൻസു ഫാറ്റിയുടെ കാൽമുട്ടിനു പരിക്കേൽക്കുന്നത്. നിലവിൽ ശസ്ത്രക്രിയ വേണമെന്നാണ് ബാഴ്സ മെഡിക്കലിന്റെ കണ്ടെത്തൽ.

അഞ്ചു മാസത്തിലധികം പുറത്തിരിക്കേണ്ടി വന്നതോടെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരത്തിനെ സ്പെയിനിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പരിശീലകനായ ലൂയിസ്‌ എൻരിക്കെയാണ് ഇക്കാര്യം അറിയിച്ചത്. പകരമൊരു താരത്തെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

റയൽ മാഡ്രിഡ്‌ യുവതാരമായ അസെൻസിയോയെയാണ് എൻരിക്കെ സ്‌പെയിൻ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. റയൽ ബെറ്റിസ് താരമായ ക്രിസ്ത്യൻ ടെയ്യോയും റയൽ സോസീഡാഡിന്റെ പോർട്ടുവും എൻരിക്കെയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം അസെൻസിയോക്ക് തന്നെ അവസരം നൽകുകയായിരുന്നു.

സ്പെയിനിനായി 24 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ അസെൻസിയോക്ക് ഒരു ഗോൾ മാത്രമാണ് നേടാനായിട്ടുള്ളത്. പുതിയ സീസണിൽ അഞ്ചു മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും ഗോളോ അസിസ്‌റ്റോ താരത്തിനു നേടാൻ കഴിഞ്ഞിട്ടില്ല. ഈ ഇന്റർനാഷണൽ ബ്രേക്കിൽ നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവർക്കെതിരെയാണ് സ്പെയിനിനു മത്സരങ്ങളുള്ളത്.