സഞ്ജുവും ധവാനുമെല്ലാം അറിയാന്‍, ലങ്ക ദഹനം നടത്തി ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കെതിരായ സ്വന്തം നാട്ടില്‍ നടന്ന ടി20 പരമ്പര അനായാസം സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാം ടി20യില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. ഇതിനിടെ മഴയെത്തിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 18 ഓവറില്‍ 103 ആക്കി കുറച്ചു.

16.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട്  ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി.

പുറത്താവാതെ 29 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാം ബില്ലിങ്സ് 24 റണ്‍സെടുത്തു. ജേസണ്‍ റോയ് (17), ജോണി ബെയര്‍സ്റ്റോ (0), ഡേവിഡ് മലാന്‍ (4), ഓയിന്‍ മോര്‍ഗന്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ (16) ലിവിങ്സ്റ്റണിനെപ്പെം പുറത്താവാതെ നിന്നു. വാനിഡു ഹസരങ്ക ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 39 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയിരുന്നത്. കുശാല്‍ പെരേര (21), ഇസുരു ഉഡാന (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ധനുഷ്‌ക ഗുണതിലക (3), അവിഷ്‌ക ഫെര്‍ണാണ്ടോ (6), നിരോഷന്‍ ഡിക്വെല്ല (3), ദസുന്‍ ഷനക (8), ഹസരങ്ക (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അകില ധനഞ്ജയ (2) ഉഡാനയ്ക്കൊപ്പം പുറത്താവാതെ നിന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞതോടെ ഇന്ത്യയ്ക്കിനി ഇനി അടുത്തത് ലങ്കന്‍ പര്യടനമാണ് ഉളളത്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ യുവനിരയാണ് ശ്രീലങ്കയെ അവരുടെ നാട്ടില്‍ നേരിടുന്നത്.

You Might Also Like