ശക്തമാകും ഫൈനൽ; എന്നാൽ ഇന്ത്യയെ ഈ ടീം മലർത്തിയടിക്കും, പ്രവചനവുമായി ഇതിഹാസ താരം

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടീം കിരീടം ചൂടുമെന്ന് ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസ് ബോളർ ജെയിംസ് ആൻഡേഴ്സൺ. ആവേശം നിറഞ്ഞ ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്നാണ് ആൻഡേഴ്സന്റെ പ്രവചനം. 2023 ഏകദിന ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 9 വിക്കറ്റുകളുടെ പരാജയംരുചിച്ചിരുന്നു. ശേഷം ബംഗ്ലാദേശിനെതിരെ മൈതാനത്ത് ഇറങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ സാഹചര്യത്തിലാണ് ജെയിംസ് ആൻഡേഴ്സന്റെ പ്രതികരണം.

ബിബിസി ടെസ്റ്റ് മാച്ച് സ്പെഷ്യൽ എന്ന ഷോയിൽ സംസാരിക്കവെയായിരുന്നു ആൻഡേഴ്സന്റെ പ്രവചനം. ഈ ലോകകപ്പിൽ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ സെമിഫൈനലിൽ എത്തുമെന്നും ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കപ്പ് സ്വന്തമാക്കുമെന്നുമാണ് ആൻഡേഴ്സൺ പറയുന്നത്. അങ്ങനെയെങ്കിൽ തുടർച്ചയായ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ലോകകപ്പ് വിജയമാവും ഇത്. 2019 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു ഇംഗ്ലണ്ട് കിരീടം ഉയർത്തിയത്.

“ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സെമി ഫൈനലിലെത്തും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം എന്നെ വളരെയധികം ആകർഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് അത്രമാത്രം ശക്തമാണ്. ബോളിങ്ങിലും ഒരുപാട് നല്ല ഓപ്ഷനുകൾ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. പാക്കിസ്ഥാൻ സെമിഫൈനലിന്റെ അടുത്ത് വരെയെത്തും. ന്യൂസിലാൻഡിന്റെ കാര്യവും അങ്ങനെ തന്നെയാണ്. എന്നാൽ ഇരു ടീമുകൾക്കും സെമിഫൈനലിൽ സ്ഥാനം ലഭിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല വളരെ ടൈറ്റായ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടമുയർത്തും എന്നാണ് ഞാൻ കരുതുന്നത്.”

– ആൻഡേഴ്സൺ പറയുന്നു.

എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഇംഗ്ലണ്ട് ടീമിന് ലഭിച്ചിരിക്കുന്നത്. കുറച്ചുകാലമായി ഇംഗ്ലണ്ടിന്റെ ആക്രമണ ബാറ്റിംഗ് മനോഭാവം വലിയ രീതിയിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ യാതൊരുതര ആക്രമണ മനോഭാവവും ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്. മത്സരത്തിൽ 77 റൺസ് നേടിയ ജോ റൂട്ട് ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. അതിനാൽ തന്നെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഒരു ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്.

You Might Also Like