ആദ്യ ദിനം 75 ഓവറില്‍ അഞ്ഞൂറും കടന്ന് ഇംഗ്ലണ്ട്, നാല് വെടിക്കെട്ട് സെഞ്ച്വറി, നാണംകെട്ട് പാകിസ്ഥാന്‍

സ്വന്തം നാട്ടില്‍ പാകിസ്ഥാന്‍ ഇത്ര നാണംകെട്ടിട്ടുണ്ടാകില്ല. 17 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഇംഗ്ലണ്ട് അടിയോടടിയാണ് പാക് ബൗളിര്‍മാര്‍ക്ക് നല്‍കിയത്. ആദ്യ ദിനത്തില്‍ എറിഞ്ഞ 75 ഓവറുകളില്‍ നിന്ന് നാല് വിക്കറ്റിന് 506 റണ്‍സ് ആണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്. നാല് ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുകയും ചെയ്തു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ ദിനം ഏതൊരു ടീമിന്റേയും ഉയര്‍ന്ന സ്‌കോറെന്ന(504) റെക്കോര്‍ഡ് ഇംഗ്ലണ്ട് താരങ്ങള്‍ അടിച്ചെടുത്തു. 90 ഓവറുകള്‍ ഇന്ന് എറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക്ക് ക്രൗലി(111 പന്തില്‍ 122), ബെന്‍ ഡക്കറ്റ്(110 പന്തില്‍ 107), ഒലീ പോപ്(104 പന്തില്‍ 108). ഹാരി ബ്രൂക്ക്(81 പന്തില്‍ 107*) എന്നിവര്‍ സെഞ്ചുറി നേടി. ജോ റൂട്ട് 31 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന നായകന്‍ ബെന്‍ സ്റ്റോക്സാണ്(15 പന്തില്‍ 34*) ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബ്രൂക്കിനൊപ്പം ക്രീസില്‍.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബാറ്റ് കൊണ്ട് സംഹാരതാണ്ഡവമാടുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍. രാവിലത്തെ സെഷനില്‍ 174 ഉം രണ്ടാം സെഷനില്‍ 158 ഉം വൈകിട്ടത്തെ സെഷനില്‍ 174 ഉം റണ്‍സ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടി. അവസാന 21 ഓവറില്‍ 174 റണ്‍സ് പിറന്നു എന്ന് പറയുമ്പോള്‍ തന്നെ അറിയാം ഇംഗ്ലീഷ് പ്രഹരശേഷിയുടെ ചൂട്. റാവല്‍പിണ്ടിയില്‍ ഗംഭീര തുടക്കമാണ് ഇംഗ്ലണ്ട് നേടിയത്. 13.5 ഓവറില്‍ ക്രൗലിയും ഡക്കറ്റും ടീമിനെ 100 കടത്തിയിരുന്നു. സൗദ് ഷക്കീലിനെതിരെ ഒരോവറില്‍ ആറ് ഫോറുകള്‍ പറത്തി ബ്രൂക്ക് ഞെട്ടിച്ചതും ആദ്യ ദിനത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നാണ്.

അതേസമയം പാക് ബൗളര്‍മാരിലെ കുറഞ്ഞ ഇക്കോണമി 5.60 ഉം ഉയര്‍ന്നത് 15.00വും ആണ്. രണ്ടാം നിര ബൗളര്‍മാരെ അണിനിരത്തി ഇംഗ്ലണ്ടിനെ നേരിടാന്‍ പാകിസ്ഥാന്‍ ഒരുങ്ങിയതാണ് ഇങ്ങനെയൊരു ഗതികേടിലേക്ക് പാക് ടീമിനെ എത്തിച്ചത്.

You Might Also Like