ലോകകപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും എമിലിയാനോയോടുള്ള വൈരാഗ്യം മാറിയിട്ടില്ല, താരത്തെ കൂക്കിവിളിച്ച് ഫ്രഞ്ച് ആരാധകർ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. രണ്ടു പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ രക്ഷിച്ച എമിലിയാനോ മാർട്ടിനസിന്റെ മിന്നുന്ന പ്രകടനം ഫൈനൽ വിജയത്തിൽ നിർണായകമായിരുന്നു. അതിനു ശേഷം അർജന്റീന ആരാധകരുടെ ഹീറോയായി മാറിയെങ്കിലും പല ഭാഗത്തു നിന്നും എമിലിയാനോ മാർട്ടിനസിന്റെ പ്രവർത്തികൾക്ക് ഒരുപാട് വിമർശനം ഉണ്ടായി.

ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിനിടെ നടത്തിയ ചേഷ്‌ടകളും ലോകകപ്പ് നേടിയതിനു ശേഷം എംബാപ്പയെ കളിയാക്കിയതുമെല്ലാമാണ് എമിലിയാനോ മാർട്ടിനസിനെതിരെ വിമർശനം ശക്തമായി വരാൻ കാരണമായത്. ലോകകപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ആ രോഷം ഇപ്പോഴും ഫ്രാൻസിലെ ആരാധകർക്ക് തീർന്നിട്ടില്ലെന്ന് ഇന്നലെ ബാലൺ ഡി ഓർ ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ നിന്നും വ്യക്തമാണ്.

ബാലൺ ഡി ഓർ ചടങ്ങിനായി പാരീസിൽ എത്തിയപ്പോൾ തന്നെ എമിലിയാനോ മാർട്ടിനസിനെതിരെ ആരാധകർ പ്രതിഷേധം നടത്തിയിരുന്നു. അതിനു ശേഷം മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി പുരസ്‌കാരം സ്വീകരിക്കാൻ താരം വന്നപ്പോൾ ലോകകപ്പ് ഫൈനലിൽ കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ തടഞ്ഞിട്ടത്തിന്റെ വീഡിയോ കാണിച്ചിരുന്നു. അപ്പോൾ സദ്ദസ്സിൽ നിന്നും വീണ്ടും കൂക്കുവിളികൾ ഉയരുകയുണ്ടായി.

എമിലിയാനോ മാർട്ടിനസിനെതിരായ കൂക്കുവിളികളോട് കടുത്ത ഭാഷയിലാണ് പുരസ്‌കാരം നൽകിയ ദ്രോഗ്ബ പ്രതികരിച്ചത്. എന്നാൽ ആരാധകരുടെ പ്രതിഷേധത്തിലും കൂസലില്ലാതെയാണ് എമിലിയാണോ നിന്നത്. 2021ൽ അർജന്റീന ടീമിലെത്തി രണ്ടര വർഷത്തിനുള്ളിൽ ഒരു ഗോൾകീപ്പര്ക്ക് സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ തന്നെ സഹായിച്ച അതെ ആത്മവിശ്വാസം തന്നെയാണ് ഇന്നലെ എമിലിയാനോ പുറത്തെടുത്തത്. ജനുവരിയിൽ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് എമിലിയാനോ യാഷിൻ ട്രോഫിയും സ്വന്തമാക്കിയത്.

You Might Also Like