എൽ ക്ലാസിക്കോ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണയെ കളിയാക്കി ജർമൻ ക്ലബ്

റയൽ മാഡ്രിഡിന് മേൽ ബാഴ്‌സലോണയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടെന്ന് തോന്നിപ്പിച്ച സീസണായിരുന്നു ഇതെങ്കിലും കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തോടെ അതിന് അവസാനമായി. എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ കീഴടക്കിയപ്പോൾ ഈ സീസണിൽ ഒരു കിരീടം കൂടി സ്വന്തമാക്കാമെന്ന കാറ്റലൻസിന്റെ പ്രതീക്ഷകൾ ഇല്ലാതായി.

റയൽ മാഡ്രിഡിനെതിരെ ഈ വർഷം കളിച്ച മൂന്നു എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയം സ്വന്തമാക്കി എന്നതിനാൽ തന്നെ ബാഴ്‌സലോണ ആരാധകർ റയൽ മാഡ്രിഡിനെ ഒരുപാട് ട്രോളിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഗംഭീരവിജയം സ്വന്തമാക്കിയതോടെ ഈ കളിയാക്കലുകൾക്കെല്ലാം അതേ നാണയത്തിൽ മറുപടി റയൽ മാഡ്രിഡ് ആരാധകർ നൽകുന്നുണ്ട്.

എന്നാൽ ബാഴ്‌സലോണയെ ട്രോളുന്നത് റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ലെന്നതാണ് രസകരമായ കാര്യം. ഇന്നലത്തെ മത്സരത്തിന് ശേഷം ജർമൻ ക്ലബായ ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടും ബാഴ്‌സലോണയെ കളിയാക്കി രംഗത്തു വന്നിരുന്നു. “വെളുത്ത നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ ടീമിന് പാർട്ടിക്കുള്ള സമയമാണിപ്പോൾ, നമ്മളിത് നേരത്തെ കണ്ടിട്ടുണ്ട്” എന്നാണു ജർമൻ ക്ലബ് കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഓർമിപ്പിച്ച് പറഞ്ഞത്.

കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഫ്രാങ്ക്ഫർട്ട് ക്ലബിനെതിരെ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയാണ് ബാഴ്‌സലോണ പുറത്തായത്. ക്യാമ്പ് നൂവിലെ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ ജർമൻ ക്ലബിന്റെ ആരാധകർ ബാഴ്‌സയുടെ മൈതാനം സ്വന്തം മൈതാനം പോലെയാക്കി മത്സരത്തിൽ വിജയം നേടിയത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്‌തിരുന്നു.

എന്തായാലും സെമി ഫൈനലിൽ പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ ഒരു കിരീടമോഹം പൊലിഞ്ഞു. ലാ ലിഗ പോയിന്റ് ടേബിളിൽ റയലിനേക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിൽ നിൽക്കുന്ന ടീമിന് ഇനി ലീഗ് കിരീടം മാത്രമാണ് ലക്‌ഷ്യം വെക്കാൻ കഴിയുക.

You Might Also Like