രോഹിത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക അറിയിപ്പുമായി ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാമ്പിനെ കഴുക്കുന്നത് രോഹിത്ത് ശര്‍മ്മയുടെ ആരോഗ്യസ്ഥിതിയാണ്. കൊവീഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ രോഹിത്ത് കളിക്കാനുളള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സൂചിപ്പിക്കുന്നത്.

മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ദ്രാവിഡ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിലും പൊസറ്റീവായ സാഹചര്യത്തില്‍ രോഹിത് ശര്‍മ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റില്‍ കളിക്കില്ലെന്നും രോഹിത്തിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നും നാളെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയനാവുന്ന രോഹിത് ഫലം നെഗറ്റീവായാല്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദ്രാവിഡിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഹിത് മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും വെള്ളിയാഴ്ച തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്നും തുടര്‍ പരിശോധനകളില്‍ നെഗറ്റീവായാല്‍ രോഹിത് കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ട്. ഇന്ന് രാത്രി വൈകിയും നാളെയും രോഹിത്ത് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനാവും. ആ പരിശോധനകളില്‍ ഫലം നെഗറ്റീവായാല്‍ രോഹിത് കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. രോഹിത് കളിച്ചില്ലെങ്കില്‍ ജസ്പ്രീത് ബുമ്രയാണോ പകരം നായകനാവുക എന്ന ചോദ്യത്തിന് അത് പറയേണ്ടത് താനല്ലെന്നും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു ദ്രാവിഡിന്റെ മറുപടി.

 

You Might Also Like