ഡല്‍ഹിയ്ക്ക് അടുത്ത തിരിച്ചടി, ശ്രേയസിന് പുറമെ മറ്റൊരു സൂപ്പര്‍ താരം കൂടി പുറത്തേക്ക്

ഐപിഎല്ലില്‍ പുതിയ സീസണിന് ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ തേടി തിരിച്ചടി തുടരുന്നു. പരിക്ക് കാരണം നായകന്‍ ശ്രേയസ് അയ്യരെ നഷ്ടപ്പെട്ടതിന് പിന്നാലെ മറ്റൊരു താരം കളിക്കുന്ന കാര്യവും ആശങ്കയിലായിരിക്കുകയാണ്. ടീമിലെ നിര്‍ണായക താരങ്ങളിലൊരാളും ഓള്‍റൗണ്ടറുമായ അക്‌സര്‍ പട്ടേല്‍ കോവിഡ് ബാധിതനായിരിക്കുന്നു എന്നതാണ് ഡല്‍ഹിയെ കുഴക്കുന്ന അടുത്ത പ്രശ്‌നം.

ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അക്‌സറിന് കോവിഡ് ബാധിച്ചിരിക്കുന്നത്. ഡല്‍ഹി ടീം അധികൃതര്‍ തന്നെ അക്‌സറിന്റെ കോവിഡ് ബാധി സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ താരം ഐസൊലേഷനില്‍ കഴിയുകയാണ്. എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്നും ഡിസി ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ടൂര്‍ണമെന്റിനു മുമ്പ് കൊവിഡ് പിടിപെട്ട രണ്ടാമത്തെ താരമാണ് അക്ഷര്‍. നേരത്തേ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് ബാറ്റ്സ്മാന്‍ നിതീഷ് റാണയുടെ ഫലവും പോസിറ്റിവായിരുന്നു. മാര്‍ച്ച് 22ന് നടത്തിയ പരിശോധനയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വീണ്ടും പരിശോധനയ്ക്കു വിധേയനായപ്പോള്‍ ഫലം നെഗറ്റിവാകുകയും ചെയ്തിരുന്നു.

ബിസിസിഐയുടെ എസ്ഒപി പ്രകാരം ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടീമിന്റെ ബയോ ബബ്ളിന് പുറത്ത് ചുരുങ്ങിയത് 10 ദിവസം ഐസൊലേഷനില്‍ കഴിയണം. ഈ ദിവസങ്ങളില്‍ താരം പൂര്‍ണമായി വിശ്രമിക്കുകയാണ് വേണ്ടത്. പരിശീലനം നടത്താന്‍ പാടില്ല. ടീം ഡോക്ടര്‍ താരത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയും വേണം. സ്ഥിതി മോശമാവുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലേക്കു മാറ്റുകയും വേണമെന്ന് ബിസിസിഐയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മികച്ച ഫോമിലുള്ള അക്ഷറിന്റെ അഭാവം ഡിസിക്കു കനത്ത തിരിച്ചടിയായി മാറും. കഴിഞ്ഞ സീസണില്‍ ബൗളിങിനൊപ്പം ബാറ്റിങിലും അദ്ദേഹം തിളങ്ങിയിരുന്നു. 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതിനാല്‍ തന്നെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ അക്ഷറിന്റെ സേവനം ഡിസിക്കു ലഭിക്കില്ല.

നേരത്തെ തോളിനു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ക്യാപ്റ്റന്‍ ശ്രേയസിനെ ഡിസിക്കു നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ അദ്ദേഹത്തിന്റെ തോളിനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

You Might Also Like