ഐപിഎല്‍ കിരീടം ആരു നേടും? പ്രവചനവുമായി സ്റ്റെയിന്‍ രംഗത്ത്

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണിലും കിരീടം മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ന്‍ സ്‌ററെയിന്‍. എല്ലാ ടീമുകളും ഇത്തവണ ശക്തരാണെങ്കിലും കിരീടം മുംബൈ ഇന്ത്യന്‍സ് തന്നെ കൈപിടിയില്‍ ഒതുക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ താരം വിലയിരുത്തുന്നു.

‘എല്ലാ ടീമും ശക്തരാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. ക്വിന്റന്‍ ഡീകോക്ക് എന്റെ ഇഷ്ട താരങ്ങളിലൊരാളാണ്. അതിനാല്‍ അവനെയും ഞാന്‍ പിന്തുണയ്ക്കും’- ട്വിറ്ററിലെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്റ്റെയിന്‍ പ്രവചനം നടത്തിയത്.

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് മുംബൈ. ഇത്തവണയും കരുത്തരായ താരനിര അവര്‍ക്കൊപ്പമുണ്ട്. രോഹിത്, ഡീകോക്ക്, സൂര്യകുമാര്‍, ഇഷാന്‍, ഹര്‍ദിക്, ക്രുണാല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് തുടങ്ങി തകര്‍പ്പന്‍ താരനിര ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് പരിചയസമ്പന്നരായ നിരയാണ് മുംബൈയുടേത്.

നേരത്തെ ഐപിഎല്ലിനെ വിമര്‍ശിച്ച് സ്റ്റെയിന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് അദ്ദേഹം തന്നെ വ്യക്തത നല്‍കിയിരിക്കുകയാണ്.

‘ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെയാണ്. അവിടെ താരങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ കണക്കുകളിലാണ് കൂടുതല്‍ ശ്രദ്ധ. അപ്പോള്‍ ക്രിക്കറ്റിനെ മറന്ന് പോകുന്നു’-സ്റ്റെയിന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായിരുന്ന സ്റ്റെയിന്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നില്ല. ആര്‍സിബിക്കുവേണ്ടിയാണ് അവസാനമായി അദ്ദേഹം കളിച്ചത്. 37കാരനായ താരം 95 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. ആര്‍സിബി,ഡെക്കാന്‍ ചാര്‍ജേഴ്സ്,സണ്‍റൈസേഴ്സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ട്.