ആ ചെന്നൈ താരം ടീം ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്, റാഷിദ് ആകട്ടെ തലച്ചോറ് കൊണ്ടാണ് ക്രിക്കറ്റ് കളിക്കുന്നത്

കെ നന്ദകുമാര്‍ പിള്ള

ഋതുരാജ് ഗെയ്ക്വാദ്.. ക്ലാസ് പ്ലയെര്‍. എന്തൊരു ഒഴുക്കാണ് അയാളുടെ ബാറ്റിങ്ങിന്.. അനായാസമായ ശൈലി.. ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്ന 12 ഫോറുകളും എണ്ണം പറഞ്ഞതായിരുന്നു.

അയാളുടെ ഷോട്ടുകള്‍ക്ക് ഒരു പെര്‍ഫെക്ഷന്‍ ഉണ്ട്, പ്രത്യേകിച്ച് ഷോട്ട് ബോളുകളെ ഡീപ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തൂക്കിയെടുത്ത് അയാള്‍ നേടിയ ബൗണ്ടറികള്‍ക്ക്. ഡുപ്ലെസിസിനേക്കാളും മനസ്സില്‍ കയറിയത് ഗെയ്ക്വാദ് ആണ് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല (അഭിപ്രായം വ്യക്തിപരം).

തീര്‍ച്ചയായും അയാള്‍ ടീം ഇന്ത്യക്ക് ഒരു ഭാവി വാഗ്ദാനമാണ്. ഡുപ്ലെസിസും ഗെയ്ക്വാദും തമ്മിലുള്ള ഓപ്പണിങ് പാര്‍ട്ണര്‍ഷിപ് തന്നെ കളി തീര്‍ക്കുമെന്നാണ് കരുതിയത്. അത്ര ആത്മവിശ്വാസത്തിലായിരുന്നു രണ്ടു പേരും.

ഒരാള്‍ ഇത്ര ആത്മവിശ്വാസത്തോടെ ബാറ്റ് ചെയുമ്പോള്‍ അയാളെ പുറത്താക്കാന്‍ ഒരു ക്ലാസ് ബൗളറുടെ ക്ലാസ് ഡെലിവറി വേണമായിരുന്നു. അതായിരുന്നു ഗെയ്ക്വാദിനെ പുറത്താക്കിയ റഷീദ് ഖാന്റെ പന്ത്. ടിപ്പിക്കല്‍ ലെഗ് സ്പിന്നിനെ വേണ്ട രീതിയില്‍ ഗെയ്ക്വാദ് കളിക്കുന്നില്ല എന്ന് മനസിലാക്കി തന്നെയാണ് റഷീദ് ഖാന്‍ ആ പന്തെറിഞ്ഞത്. മിഡില്‍ സ്റ്റമ്പില്‍ കുത്തിയ പന്ത്, ബാറ്റ്‌സ്മാനെ കബളിപ്പിച്ച് സ്ളൈറ്റ് വേരിയേഷനോടെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുക. എന്ത് മനോഹരമായിരുന്നു ആ നിമിഷം.

തലയുള്ള ക്രിക്കറ്റര്‍ ആണ് റഷീദ് ഖാന്‍. അവിടം കൊണ്ടും അയാള്‍ നിര്‍ത്തിയില്ല. ചെന്നൈ നിരയില്‍ വീണ 3 വിക്കറ്റുകളും സ്വന്തമാക്കിയാണ് റഷീദ് ഖാന്‍ തന്റെ സ്‌പെല്‍ അവസാനിപ്പിച്ചത്. ഏകപക്ഷീയമാകുമായിരുന്ന ഒരു മത്സരത്തെ ചെറിയ രീതിയിലെങ്കിലും ഹൈദരാബാദിന് പോരാട്ട പ്രതീതി ജനിപ്പിക്കാന്‍ റഷീദ് ഖാന് കഴിഞ്ഞു.

ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ അവിടെയും ഒരു സ്ലോ പിച്ച് ആണ് വാര്‍ണറും കൂട്ടരും പ്രതീക്ഷിച്ചതെന്ന് തോന്നുന്നു. അതുകൊണ്ടാണ് വിക്കറ്റ് കൈവശമുണ്ടായിട്ടും ഒരു അറ്റാക്കിങ് മോഡിലേക്ക് വാര്‍ണര്‍ മാറാതിരുന്നത്. മനീഷ് പാണ്ഡെ പിന്നെയും ഭേദമായിരുന്നു. എന്നാലും അത് പോരായിരുന്നു. ഒരുപക്ഷെ വാര്‍ണര്‍ ഇതുവരെ നേടിയതിലും ഏറ്റവും വേഗം കുറഞ്ഞ അര്‍ധശതകമായിരിക്കും ചെന്നൈയ്‌ക്കെതിരേത്. (അല്ലെങ്കില്‍ ഇത് വായിക്കുന്നവര്‍ എന്നോട് ക്ഷമിക്കുക). പിച്ചിനെ റീഡ് ചെയ്യുന്നതില്‍ ഹൈദരാബാദിന് പിഴച്ചു എന്ന് നിസംശയം പറയാം.

വില്യംസണും കേദാര്‍ ജാദവും നടത്തിയ അവസാന നിമിഷ വെടിക്കെട്ടാന്‍ സ്‌കോര്‍ ഇത്രയെങ്കിലും എത്തിച്ചത്. എത്ര സിംപിള്‍ ആയിട്ടാണ് വില്ലിച്ചായന്‍ ഗാപ് കണ്ടെത്തുന്നത്. ഒരു കമ്പ്യൂട്ടര്‍ വര്‍ക് ചെയുന്ന പോലെ അത്രയും കൃത്യമായിട്ടാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. പ്രതികാരം, അത് വീട്ടാനുള്ളതാണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ. അത് അങ്ങനെ തന്നെയാണെന്ന് ചെറിയ തോതില്‍ ആണെങ്കിലും അവസാന രണ്ടു പന്തുകളില്‍ നേടിയ ബൗണ്ടറികളിലൂടെ കേദാര്‍ ജാദവ് അരക്കിട്ടുറപ്പിച്ചു.

വിക്കറ്റ് ഒന്നും നേടാനായില്ലെങ്കിലും ചഹാര്‍ നന്നായി പന്തെറിഞ്ഞു. അവസാന ഓവര്‍ ഒഴിച്ചാല്‍ സാം കരനും മോശമാക്കിയില്ല. ഒരു മത്സരത്തില്‍ കുറഞ്ഞത് ഒരു ക്യാച് എങ്കിലും എടുത്തിരിക്കണം എന്ന് ജഡേജക്ക് എന്തോ നിര്ബന്ധമുള്ളപോലെ.. മനീഷ് പാണ്ഡേയെ പുറത്താക്കാന്‍ ഡുപ്ലെസിസ് എടുത്ത ക്യാച്ച് കണ്ണില്‍ നിന്ന് മായുന്നില്ല.

സന്ദീപ് ശര്‍മയുടെ പന്തുകള്‍ അടിച്ചകറ്റാന്‍ ചെന്നൈ ഓപ്പണേഴ്സ് ബുദ്ധിമുട്ടിയിരുന്നു. സിദ്ധാര്‍ഥ് കൗളും ഒരുവിധം നന്നായി ചെയ്തു. ക്രിക്കറ്റ് എന്ന ഗെയിം എത്രമാത്രം പ്രവചനാതീതമാണെന്ന് ജഗദീശന്‍ സുചിത് ഇന്ന് നന്നായി മനസിലാക്കിയിട്ടുണ്ടാകും. കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്കെതിരെ 4 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടു കൊടുത്ത സുചിത് ഇന്ന് 3 ഓവറില്‍ കൊടുത്തത് 45 റണ്‍സ്. അടുത്ത കളിയില്‍ കരുത്തോടെ അയാള്‍ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം.

ജയത്തോടെ ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദിന്റെ സ്ഥാനം ഏറ്റവും താഴെയാണ്. ഇനി അവര്‍ തിരിച്ചു വരുമോ… ചെന്നൈ ഒന്നാം സ്ഥാനം നിലനിര്‍ത്തുമോ… കാത്തിരുന്ന് കാണാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like