ജപ്പാനെ കരയിപ്പിച്ച സേവുകള്‍; ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

ദോഹ: മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിനേയും ജര്‍മനിയേയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ ടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്ക് മുന്നിലാണ് വീണത്. 90മിനിറ്റിലും പിന്നീടുള്ള 30മിനിറ്റ് എക്‌സ്ട്രാ ടൈമിലും വാശിയോടെ പോരാടിയെങ്കിലും ഷൂട്ടൗട്ട് കടമ്പ മറികടക്കാന്‍ ഏഷ്യന്‍ അട്ടിമറി സംഘത്തിനായില്ല.

ഡൊമിനിക് ലിവാകോവിച്ച് എന്ന ക്രൊയേഷ്യന്‍ ഗോള്‍കീപ്പറുടെ മിന്നും ഫോമാണ് സാമുറായിക്കള്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്. മത്സരത്തില്‍ ക്രൊയേഷ്യയുടെ ഹീറോയായ ഗോള്‍കീപ്പര്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് കൂടി ഈ മത്സരത്തില്‍ സ്വന്തമാക്കി.


ഷൂട്ടൗട്ടില്‍ ജപ്പാന്‍താരങ്ങളുടെ മൂന്ന് കിക്കുകള്‍ തടഞ്ഞതോടെയാണ് കൂടുതല്‍ കിക്ക് തടയുന്ന ഗോള്‍കീപ്പറെന്ന അപൂര്‍വ്വനേട്ടം താരത്തെതേടിയെത്തിയത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ, കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയുടെ തന്നെ ഡാനിയേല്‍ സുബാസിച്ച് എന്നിവരാണ് ഈനേട്ടം കൈവരിച്ച് മറ്റുരണ്ടുപേര്‍.

ഷൂട്ടൗട്ടില്‍ പരിചയസമ്പത്താണ് ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് തുണയായത്. ജപ്പാന്‍താരങ്ങളുടെ കിക്കുകള്‍ കൃത്യമായ ദിശയിലേക്ക് ഡൈവ് ചെയ്ത് ഡൊമിനിക് ലിവാകൊവിച്ച് തടുത്തിട്ടപ്പോള്‍ ജപ്പാന്‍ ഗോളിക്ക് ഒരുകിക്ക് മാത്രമാണ് രക്ഷപ്പെടുത്താനായത്. നോക്കൗട്ട് റൗണ്ടിലെ ആദ്യ ഷൂട്ടൗട്ട് മത്സരമാണ് ഇന്നലെ നടന്നത്.


അതേസമയം, 2017ല്‍ ദേശീയ ടീമിനായി അരങ്ങേറ്റ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ഓര്‍മയും ഡൊമിനിക് ലിവാകോവിച്ചിനുണ്ട്. അരങ്ങേറ്റമത്സരത്തില്‍ തന്നെ ഷൂട്ടൗട്ട് നേരിടേണ്ടിവന്ന അനുഭവം അങ്ങനെ കൈപുള്ളതായി. 2018 രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യന്‍ ലോകകപ്പ് ടീമില്‍ അംഗമായിരുന്നെങ്കിലും ഒറ്റകളിയില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.

ലോകകപ്പിന് ശേഷം ഒന്നാംനമ്പര്‍ ഗോള്‍കീപ്പര്‍ സുബാറിച്ച് വിരമിച്ചതോടെയാണ് കൂടുതല്‍ അവസരമൊരുങ്ങിയത്. ക്വാര്‍ട്ടറില്‍ ശക്തരായ ബ്രസീലിനെ നേരിടുമ്പോള്‍ ഗോള്‍കീപ്പറുടെ ഫോം ക്രൊയേഷ്യക്ക് നിര്‍ണായകമാണ്. മത്സരം സമനിലയിലാകുകയും ഷൂട്ടൗട്ടിലേക്ക് കടക്കുകയും ചെയ്താല്‍ ബ്രസീല്‍ സൂപ്പര്‍ഗോളി അലിസണ്‍ ബെക്കറിനേക്കാള്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ക്രൊയേഷ്യന്‍ ഗോളിക്കാവും.

You Might Also Like