യുവന്റസിനെതിരെ തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റാലിയൻ ക്ലബിനു മുട്ടൻ പണി വരുന്നുണ്ട്

റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മൂന്നു വർഷങ്ങൾ ഇറ്റാലിയൻ ക്ലബായ യുവന്റസിന് വേണ്ടി കളിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടു ലീഗ് അടക്കം അഞ്ചു കിരീടങ്ങൾ അവർക്കൊപ്പം നേടാൻ പോർച്ചുഗൽ താരത്തിന് കഴിഞ്ഞു. എന്നാൽ പിന്നീട് യുവന്റസുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചതിനെ തുടർന്ന് റൊണാൾഡോ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു പോവുകയായിരുന്നു.

പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനു വേണ്ടി കളിക്കുന്ന റൊണാൾഡോ തന്റെ മുൻ ക്ലബിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് തനിക്ക് നൽകാനുള്ള ശമ്പളത്തിന്റെ ബാക്കി നൽകിയിട്ടില്ലെന്നാണ് റൊണാൾഡോയുടെ പരാതി.

2018 മുതൽ 2021 വരെയുള്ള വർഷങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്നത്. ആ സമയത്ത് തന്നെയാണ് കോവിഡ് മഹാമാരി കാരണം കാണികൾ സ്റ്റേഡിയത്തിലേക്ക് വരാതെ ക്ലബുകൾ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. ഇതേതുടർന്ന് റൊണാൾഡോ അടക്കമുള്ള താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താരത്തിന് വേതനം നൽകാൻ ബാക്കി വന്നതെന്നാണ് കരുതേണ്ടത്.

റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് ഇരുപതു മില്യൺ യൂറോയോളം യുവന്റസ് താരത്തിന് നൽകാനുണ്ട്. ക്ലബിനെതിരെ നിയമനടപടി എടുക്കുമെന്ന് ഇറ്റലിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഓഫീസിൽ റൊണാൾഡോ അറിയിച്ചുവെന്നാണ് സൂചനകൾ. എന്തായാലും ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യുവന്റസ് ഈ പണം നൽകാനുള്ള സാധ്യത കുറവായതിനാൽ നടപടിയുണ്ടാകുമെന്നാണ് കരുതേണ്ടത്.

You Might Also Like