ഒരു രാജ്യത്തെ മുഴുവൻ ജനതക്കെതിരായ ദ്രോഹമായിരുന്നു അത്, വിജയഗോൾ നിഷേധിച്ചതിനെതിരെ രോഷാകുലനായി ക്രിസ്ത്യാനോ

സെർബിയക്കെതിരായി നടന്ന യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വീണ്ടും പോർചുഗലിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. 2 ഗോളുകൾക്കു മുന്നിൽ നിന്ന പോർച്ചുഗലിനെതിരെ രണ്ടാം പകുതിയിൽ സെർബിയ മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു. ഇതോടെ ഗ്രൂപ്പ്‌ പോയിന്റ് ടേബിളിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ.

പോർചുഗലിനായി ഡിയോഗോ ജോട്ട ഇരട്ടഗോളുകൾ നേടിയപ്പോൾ സെർബിയക്കായി അലക്സണ്ടർ മിത്രോവിച്ചും ഫിലിപ്പെ കോസ്റ്റിച്ചുമാണ് സമനിലയ്ക്കായി ഗോളുകൾ കണ്ടെത്തിയത്. മത്സരം സമനിലയിലവസാനിച്ചുവെങ്കിലും റഫറിയുടെ ഭാഗത്തു നിന്നുമുണ്ടായ വലിയൊരു പിഴവ് കൂടുതൽ വിവാദത്തിലേക്ക് മത്സരത്തെ കൊണ്ടു ചെന്നു എത്തിച്ചിരിക്കുകയാണ്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോളിയെ മറികടന്നു പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്ത്യാനോയെടുത്ത ഷോട്ട് സെർബിയയുടെ മിത്രോവിച്ച് ഗോൾലൈനിൽ വെച്ചു പന്തിനെ തട്ടിയകറ്റുകയായിരുന്നു. പന്ത് ഗോൾവര കടന്നിരുന്നുവെങ്കിലും റഫറി അത് ഗോളല്ലെന്നു വിധിക്കുകയായിരുന്നു. വീഡിയോ റഫറിയിങ്ങും ഗോൾ ലൈൻ ടെക്നോളജിയും യോഗ്യതാമത്സരങ്ങളിൽ ഇല്ലാത്തത് പോർചുഗലിനു തിരിച്ചടിയാവുകയായിരുന്നു. മത്സരശേഷം ഗോൾ നല്കാത്തതിലുള്ള ദേഷ്യം ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞാണ് ക്രിസ്ത്യാനോ തീർത്തത്. ഇത് തന്റെ ജനതയോട് തന്നെ കാണിക്കുന്ന ദ്രോഹമാണെന്നും ക്രിസ്ത്യാനോ പിന്നീട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“പോർച്ചുഗലിന്റെ ക്യാപ്റ്റൻ ആവുകയെന്നത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അംഗീകാരമായാണ് ഞാൻ കാണുന്നത്. ഞാൻ എന്റെ രാജ്യത്തിനായി എപ്പോഴും കഴിവിന്റെ പരമാവധി നൽകാൻ ശ്രമിക്കാറുണ്ട്. അതിലൊരിക്കലും മാറ്റമുണ്ടാവില്ല. പക്ഷെ നിരവധി വിഷമഘട്ടങ്ങൾ നമുക്ക് മുന്നിലുണ്ടാവാറുണ്ട്. പ്രത്യേകിച്ചും ഒരു രാജ്യം മുഴുവൻ ദ്രോഹിക്കപ്പെടുകയാണ് എന്ന തോന്നലുണ്ടാകുമ്പോൾ. അടുത്ത വെല്ലുവിളിക്കായി തലയുയർത്തിപ്പിടിക്കൂ. കമോൺ പോർച്ചുഗൽ.” ക്രിസ്ത്യാനോ ഇൻസ്റ്റയിൽ കുറിച്ചു.

You Might Also Like