പന്തിന് പിന്നാലെ, ഐസിസി നടത്തിയ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങള്‍, വിവാദങ്ങള്‍

സൂരജ് രാജേന്ദ്രന്‍

ഒരു ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടി വരുന്നത് ലെഗ് ബിഫോര്‍ വിക്കറ്റ്(LBW) നിര്‍ണയിക്കുന്നതില്‍ ആണ്. 145 കിലോമീറ്ററില്‍ അധികം വേഗത്തില്‍ പന്ത് എറിയുന്ന ഒരു ബൗളറുടെ കാല്‍ ബൗളിംഗ് എന്‍ഡിലെ ക്രീസിനുള്ളിലാണോ എന്ന് പരിശോധിക്കുമ്പോഴുക്കും പന്ത് ബാറ്റസ്മാനെ കടന്നു പോയിരിക്കും. ഇനി ഫ്രണ്ട് ഫുട്ട് ചെക്ക് ചെയ്തു കഴിഞ്ഞു പന്ത് കണ്ടാലും, പന്ത് സഞ്ചരിക്കുന്ന ദിശ, സ്റ്റമ്പിന് മുന്നില്‍ തന്നെ ആണോ ഇമ്പാക്ട് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി ഒരു തീരുമാനം എടുക്കാന്‍ വെറും സെക്കന്റുകള്‍ മാത്രമാണ് ഒരു അമ്പയര്‍ക്ക് കിട്ടുന്നത്. (അടുത്ത കാലത്ത് മാത്രമാണ് നോബോള്‍ തേര്‍ഡ് അമ്പയര്‍ വീക്ഷിക്കാന്‍ ആരംഭിച്ചത്) ഇതിന് എല്ലാം പുറമെ കടുത്ത ചൂടും ഉയര്‍ന്ന ഹ്യൂമിഡിറ്റയും കൂടി ഉണ്ടെങ്കില്‍ ആ അമ്പയര്‍ വളരെ പ്രായസമേറിയ സമയത്തിലൂടെ ആയിരിക്കും കടന്നു പോവുക. അമ്പയര്‍മാരുടെ ഈ വെളുവിളികളെ ലഘൂകരിക്കാനും കുറച്ചു കൂടി മികച്ച തീരുമാനങ്ങള്‍, കുറഞ്ഞ പക്ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ എങ്കിലും എടുക്കുവാന്‍ വേണ്ടി ആണ് ഐസിസി, ക്രിക്കറ്റില്‍ ഹോക് ഐ(Hawk eye) ടെക്‌നോളജി കൊണ്ടുവരുന്നത്. ഇന്ന് നമ്മുക്ക് ബോള്‍ ട്രാക്കിങ് എന്ന് അറിയപ്പെടുന്ന ഹോക് ഐ സാങ്കേതിക വിദ്യയെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാം.

ചരിത്രം

ക്രിക്കറ്റിന് പുറമെ ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ്, വോളിബോള്‍, ഹര്‍ലിംഗ് തുടങ്ങിയ മത്സരയിനങ്ങള്‍ക്കും ഹോക് ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്. 2001ല്‍ റൂക് മനോര്‍ റീസെര്‍ച്ച് ലിമിറ്റഡ്(Roke Manor Research Limited) എന്ന് യു. കെ ബേസ്ഡ് കമ്പനിയിലെ എഞ്ചിനീയറായ പോള്‍ ഹോകിന്‍സ്(Dr. Paul Hawkins) ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. പിന്നീട് അവര്‍ Hawk Eye Innovations Limited എന്ന കമ്പനിയുടെ പേരില്‍ പേറ്റന്റ് സ്വന്തമാക്കി. 2011ല്‍ ജാപ്പനീസ് കമ്പനിയായ സോണിയ്ക്ക് ഇതിന്റെ അവകാശങ്ങള്‍ അവര്‍ വിറ്റു. ഹോക് ഐ ആദ്യമായി ഉപയാഗിക്കുന്നത് 2001 മെയ് 21ന് ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തില്‍ ആണ്. ഈ മത്സരം സംപ്രേക്ഷണം ചെയ്ത ചാനല്‍ 4 (Channel4) ആണ് ആദ്യമായി ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയത്. അന്ന് അത് പന്തിന്റെ സഞ്ചാരപഥം കണ്ടെത്തുവാന്‍ വേണ്ടി മാത്രം ആയിരുന്നു ഉപയോഗിച്ചത്. പക്ഷേ അമ്പയറുടെ തീരുമാനങ്ങളില്‍ കൂടുതല്‍ കൃത്യത വരുത്തുവാന്‍ വേണ്ടി 2008ല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഐസിസി അനുമതി നല്‍കി. 2007-08 സീസണില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഇന്ത്യയുടെ പരമ്പരയില്‍ അമ്പയര്‍മാര്‍ ധാരാളം തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം (DRS) ക്രിക്കറ്റില്‍ കൊണ്ട് വരാന്‍ തീരുമാനിക്കുന്നത്. പ്രധാനമായും 3 സാങ്കേതിക വിദ്യകള്‍ ആയിരുന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ ഉണ്ടായിരുന്നത്. സ്‌നികോമീറ്റര്‍, ഹോട്ട്‌സ്‌പോട്ട് പിന്നെ ഹോക് ഐയും. 2008ല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഡിആര്‍എസ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിച്ചത്. ഡിആര്‍എസിലൂടെ ആദ്യമായി പുറത്തായ ബാറ്റസ്മാന്‍ ഇന്ത്യയുടെ വിരേന്ദ്രര്‍ സേവാഗാണ്. 2009 നവംബര്‍ 24ന് പാകിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലാണ് ഔദ്യോഗികകമായി ക്രിക്കറ്റില്‍ ഡിആര്‍എസ് നിലവില്‍ വരുന്നത്.

മോഡസ് ഓപ്പറാണ്ടി

ഹോക് ഐ സാങ്കേതിക വിദ്യയുടെ തത്വം എന്നത് ചിത്രങ്ങളുടെ ട്രയാങ്കുലേഷന്‍(Triangulation of visual image) ആണ്. കുറച്ചു കൂടി എളുപ്പത്തില്‍ മനസിലാക്കാനായി ഇത് എന്താണ് എന്ന് വിശദികരിക്കാം. നമ്മള്‍ കാണുന്ന വിഷ്വവല്‍സ് എല്ലാം ദ്വിമാന ചിത്രങ്ങള്‍ ആണ്(2 Dimensional). രണ്ടോ അതിലധികമോ ദ്വിമാന ചിത്രങ്ങള്‍ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ കൂട്ടിചേര്‍ത്ത് ത്രിമാന (3 Dimensional) ചിത്രം രൂപപ്പെടുത്തുകയും, ആ ത്രിമാന ചിത്രത്തില്‍ ഒരു ബിന്ദു അടയാള്‍പ്പെടുത്തുന്നതിനെ ആണ് ട്രയാങ്കുലേഷന്‍ എന്ന് പറയുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങള്‍ ആണ് ഹോക് ഐയ്ക്ക് ഉള്ളത്. ഹൈ സ്പീഡ് ക്യാമറയും, ബോള്‍ ട്രാക്കറും. ഒരു ക്രിക്കറ്റ് മത്സരത്തില്‍ 6 ക്യാമറകള്‍ ആണ് ഹോക് ഐയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇവ മൈതാനത്തിന്റെ വിവിധ ദിശകളില്‍ സ്ഥാപിക്കും. ഈ ക്യാമറകളുടെ പ്രത്യേകത ഒരു സെക്കന്‍ഡില്‍ 100ല്‍ അധികം ഫ്രെയിമുകള്‍ സൃഷ്ടിക്കുവാന്‍ അവയ്ക്ക് കഴിയും. അതിലും കൂടുതല്‍ ഫ്രെയിമുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ക്യാമറകളും ഉപയോഗിക്കാറുണ്ട്. ഈ ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു ഡാറ്റാ സ്റ്റോറുമായി ലിങ്ക് ചെയ്തിരിക്കും. അതില്‍ മൈതാനത്തിന്റെ ഡൈമെന്‍ഷന്‍, മത്സര നിയമങ്ങള്‍ (3 meter law, Remains notout when ball pitching outside leg etc.) തുടങ്ങിയ വിവരങ്ങള്‍ മുന്‍പേ കൊടുത്തിരിക്കും. ഒരേസമയത്തെ വ്യത്യസ്ത ക്യാമറകളില്‍ നിന്നുള്ള ഫ്രെയിമുകള്‍ സിസ്റ്റത്തിലൂടെ തിരിച്ചറിഞ്ഞു, ഓരോ ഫ്രെയിമിലെയും പന്തിന്റെ സ്ഥാനം കണ്ടെത്തി, ഒന്നിന് പുറകെ ഒന്നായി ഈ ഫ്രെയിമുകള്‍ അടുക്കും. തുടര്‍ന്ന് 3D ഗ്രാഫിക്‌സ് രൂപപ്പെടുത്തി പന്ത് സഞ്ചരിച്ച പാത കണ്ടെത്തും. സിസ്റ്റത്തില്‍ നേരത്തെ കൊടുത്ത് വിവരങ്ങള്‍ക്ക് പുറമെ എന്തെങ്കിലും തടസം പന്തിന്റെ പാതയില്‍ ഉണ്ടായാല്‍ അത് തിരിച്ചറിഞ്ഞു, പന്തിന്റെ അവശേഷിക്കുന്ന സഞ്ചാര പഥം സിസ്റ്റം വരയ്ക്കും. ഇങ്ങനെ ആണ് ബോള്‍ ട്രാക്കിങ് സിമുലേഷന്‍ സാധ്യമാകുന്നത്. ബോള്‍ ട്രാക്കിങ്ങിന്റെ കൃത്യത 5 മില്ലിമീറ്റര്‍ ആണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത്തരത്തില്‍ ഒരു മത്സരത്തില്‍ എറിയുന്ന എല്ലാ പന്തുകളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഈ ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റു ചില വിവരങ്ങള്‍ കൂടി നല്‍കാന്‍ കഴിയും. അവ ഇതൊക്കെ ആണ്, വാഗണ്‍ വീല്‍, ബീഹൈവ്‌സ്(Beehives), ബോള്‍ സ്പീഡ്, റിയാക്ഷന്‍ ടൈം, പിച്ച് മാപ്പ്, റെയില്‍ക്യാം. ഇത്തരം വിവരങ്ങള്‍ കളിക്കാരുടെ പ്രകടനം വിശകലനം ചെയ്യാന്‍ സഹായിക്കുകയും, എന്തൊക്കെ മാറ്റങ്ങളാണ് മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടി അവരുടെ കളിയില്‍ കൊണ്ടുവരേണ്ടത് എന്ന് തിരിച്ചറിയാനും, ഗെയിം പ്ലാന്‍ രൂപീകരിക്കാനും കഴിയും.

അമ്പയേഴ്സ് കോള്‍

ബോള്‍ ട്രാക്കിങ്ങിനെ കുറിച്ച് പറയുമ്പോള്‍, എല്ലായിപ്പോഴും ഒരു ചൂടന്‍ ചര്‍ച്ചാവിഷയമായി മാറുന്ന കാര്യമാണ് അമ്പയേഴ്സ് കോള്‍. ക്രിക്കറ്റില്‍ ഹോക് ഐ പോലുള്ള സാങ്കേതിക വിദ്യ കൊണ്ട് വന്നത് തന്നെ അമ്പയര്‍മാരുടെ തെറ്റുകള്‍ തിരുത്തുവാന്‍ വേണ്ടിയാണ്. എന്നാല്‍ ടെക്നോളജിക്ക് തെറ്റ് പറ്റാം എന്ന സാഹചര്യത്തിലാണ് അമ്പയേഴ്സ് കോളിന്റെ പ്രസക്തി! സത്യത്തില്‍ അമ്പയേഴ്സ് കോള്‍ എന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളായി കണക്കാക്കം. ഒരേ സാഹചര്യത്തിന് രണ്ട് വിധി. ചിലപ്പോള്‍ ബാറ്റസ്മാന് അനുകൂലവും, മറ്റ ചിലപ്പോള്‍ ഫീല്‍ഡിങ് ടീമിന് അനുകൂലമായും തീരുമാനം മാറാം. രണ്ടായാലും ബോള്‍ ട്രാക്കിങ് സിമുലേഷനില്‍ പന്ത് സ്റ്റമ്പില്‍ കൊള്ളും. ഒരു ബൗളര്‍ക്ക് ലെഗ്ബിഫോര്‍ വിക്കറ്റ് ലഭിക്കണമെങ്കില്‍ അയാള്‍ക്ക് 3 സാഹചര്യങ്ങള്‍ അനുകൂലമാകണം.

1- ബൗളര്‍ക്ക് എതിരെ ബാറ്റ് ചെയുന്ന ബാറ്റസ്മാനെ സംബന്ധിച്ചുള്ള (Lefthand/Righthand) ലെഗ്സ്റ്റമ്പിന് പുറത്ത് പന്ത് പിച്ച് ചെയ്താല്‍, വിക്കറ്റ് ലഭിക്കില്ല. ഇനി അത് കൃത്യമായി സ്റ്റമ്പില്‍ കൊള്ളുന്നതാണെങ്കില്‍ പോലും ലെഗ്ബിഫോര്‍ വിക്കറ്റിലൂടെ അയാള്‍ക്ക് ബാറ്റസ്മാനെ പുറത്താക്കാന്‍ കഴിയില്ല. അതിന് കാരണം ആ ബാറ്റസ്മാന്റെ അന്ധബിന്ദു രൂപപ്പെടുന്നത് ആ ഭാഗത്ത് ആണ്. റൗണ്ട് ദി വിക്കറ്റില്‍ എറിയുമ്പോള്‍ ബാറ്റസ്മന്റെ കണ്ണിലെ കാഴ്ച്ചയില്ലാത്ത ഭാഗത്തു പന്തിന്റെ ദൃശ്യം പതിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ബൗളഡ് ആയാല്‍ ബാറ്റസ്മാന്‍ പുറത്താകും. ഇനി പന്ത് പതിക്കുന്നത് സ്റ്റമ്പ് ലൈനിനും ലെഗ്സ്റ്റമ്പിന് പുറത്തുള്ള ഭാഗത്തും ഒരുമിച്ചാണെങ്കില്‍, ബോള്‍ ട്രാക്കിങില്‍ പന്തിന്റെ മധ്യ ഭാഗം പതിക്കുന്നത് എവിടെയാണ് എന്ന് കൃത്യമായി പറയുവാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അമ്പയറുടെ തീരുമാനം ബാറ്റസ്മാന്റെ വിധി നിര്‍ണയിക്കും.

2- ബാറ്റസ്മാന്‍ ഷോട്ട് ഓഫര്‍ ചെയ്ത ഡെലിവറി ആണെങ്കില്‍ ഇമ്പാക്ട് സ്റ്റമ്പ് ലൈനിന്റെ 50% കൂടുതല്‍ പന്ത് ഉണ്ടായിരിക്കണം. സ്റ്റമ്പ് ലൈനില്‍ ആണോ അല്ലയോ എന്ന് പറയാന്‍ ടെക്നോളജിക്ക് സാധിക്കുന്നില്ല എങ്കില്‍, അമ്പയറുടെ തീരുമാനം കണക്കില്‍ എടുക്കും. ഇനി ബാറ്റസ്മാന്‍ ഷോട്ട് ഓഫര്‍ ചെയ്തില്ലെങ്കില്‍ ഓഫ്സ്റ്റമ്പിന് പുറത്ത് ഇമ്പാക്ട് വന്നാലും ബാറ്റസ്മാനെ പുറത്താക്കാം.

3- പന്തിന്റെ 50% എങ്കിലും കുറഞ്ഞത് വിക്കറ്റ് സോണിനുള്ളില്‍ തട്ടിയിരിക്കണം. ഈ അടുത്ത കാലത്ത് വിക്കറ്റ് സോണിന്റെ പരിധി ഐസിസി പുനര്‍നിശ്ചയിച്ചിട്ടുണ്ട്.
ഹോക് ഐ 100% ശതമാനം കൃത്യത ഉറപ്പ് വരുത്താന്‍ കഴിയാത്തതിനാല്‍, ഇത്തരം വളരെ ചെറിയ മാര്‍ജിനുകള്‍ അമ്പയറുടെ തീരുമാനത്തിന് വിടും. റീപ്ലേയില്‍ അമ്പയെസ് കാള്‍ ആണ് കാണുന്നത് എങ്കില്‍ അമ്പയര്‍ ഔട്ട് വിധിച്ചാല്‍ ആ പന്ത് ബൈയില്‍സ് തെറിപ്പിക്കും എന്ന് പറയാം. ഇനി മറിച്ചാണ് തീരുമാനം എങ്കില്‍ ടെക്‌നോളജിയുടെ പിഴവ് ആയിരിക്കാം എന്ന് വിലയിരുത്തുന്നു.

ബോള്‍ ട്രാക്കിങ് വിവാദം

ബോള്‍ ട്രാക്കിങ് ടെക്‌നോളജി എന്തുകൊണ്ട് 100% ശരിയായ ഫലം നല്‍കുന്നില്ല എന്ന് കാണിച്ചു തരുന്ന കുറച്ച് ഉദാഹരണങ്ങള്‍ നമുക്ക് പരിചയപ്പെടാം.
1- ബോള്‍ ട്രാകിങ്ങിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രശസ്തമായ വിവാദം ഉണ്ടാകുന്നത് 2011 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ സെമിയില്‍ ആണ്. മത്സരത്തിലെ 11ആം ഓവറില്‍ പാക്കിസ്ഥാന്റെ സയീദ് അജ്മല്‍ സച്ചിന് നേരെ ആം ബോള്‍ എറിഞ്ഞു. അദ്ദേഹത്തിന് പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ സാധിച്ചില്ല. പന്ത് പാഡില്‍ തട്ടിയതിന് പിന്നാലെ കളിക്കാര്‍ ലെഗ്ബിഫോര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. കൂടുതല്‍ ഒന്നും ചിന്തിക്കാതെ അമ്പയര്‍ ഇയാന്‍ ഗോള്‍ഡ്(Ian Gould) തന്റെ വിരലുയര്‍ത്തി. ഗംഭീറുമായി ചര്‍ച്ച ചെയ്തതിന് ശേഷം റിവ്യൂ എടുക്കാന്‍ സച്ചിന്‍ തീരുമാനിച്ചു. റീപ്ലേയില്‍ ബോള്‍ ട്രാക്കിങ് പരിശോധിച്ചപ്പോള്‍ പന്ത് ലെഗ്സ്റ്റമ്പിന് പുറത്തേക്ക് പോകുന്നത് കണ്ടെത്തുകയും, അമ്പയര്‍ തന്റെ തീരുമാനം തിരുത്തുകയും ചെയ്തു. പിന്നീട് പല തവണ പാക്കിസ്ഥാന്‍ ഫീല്‍ഡ്ര്‍മാര്‍ സച്ചിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും, നിര്‍ണായകമായ 85 റണ്‍സ് നേടി കളിയിലെ താരമായി മാറിയ സച്ചിന്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. പക്ഷെ ആ ലെഗ്ബിഫോര്‍ അപ്പീല്‍ വീഡിയോ വീണ്ടും പരിശോധിച്ചപ്പോള്‍ ഇമ്പാക്ട് ഉണ്ടായി എന്ന് കാണിക്കുന്ന ഭാഗത്ത് നിന്ന് ആയിരുന്നില്ല പന്തിന്റെ പാത വരച്ചു തുടങ്ങുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. പാകിസ്ഥാന്‍ ആരാധകരുടെ ഈ ആരോപണത്തിന് ഹോക് ഐയുടെ അധികാരികള്‍ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘മത്സരം സംപ്രേക്ഷണം ചെയ്യാന്‍ ഉപയോഗിച്ച ക്യാമറയില്‍ ഒരു സെക്കന്‍ഡില്‍ 50 ഫ്രെയിമുകള്‍ മാത്രമാണ് എടുക്കാന്‍ കഴിയുന്നത്. അതുകൊണ്ട് പന്ത് പാഡില്‍ തട്ടുന്ന ഭാഗം ക്യാമറയില്‍ പതിഞ്ഞില്ല. ഈ കാരണം കൊണ്ട് പന്ത് പാഡില്‍ തട്ടുന്ന സങ്കല്പികമായ ഒരു ബിന്ദു കണ്ടെത്തുകയും അവിടെ നിന്നും പന്തിന്റെ ബാക്കി സഞ്ചാരപഥം നിര്‍മിച്ചു എടുക്കുകയുമാണ് ചെയ്തത്.’ പലരും ഈ വിശദീകരണത്തില്‍ തൃപ്തരായിരുന്നില്ല. തങ്ങള്‍ ചതിക്കപ്പെട്ടതാണ് എന്ന് അവര്‍ ഇന്നും വിശ്വസിക്കുന്നു.

2- 2016ല്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരം. ഓസിസ് പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ ഒരു ഇന്‍സ്വിങ്ങര്‍ ഡിവില്ലേഴ്സിനെ കമ്പിളിപ്പിച്ചു കൊണ്ട് മിഡില്‍ സ്റ്റമ്പിന്റെ ഏറ്റവും മുകളില്‍ വന്നു പതിച്ചു. പിന്നീട് ഹേസല്‍വുഡിന്റെ സ്വിങ്ങിന്റെ അളവ് എത്ര എന്ന് കാണിക്കാനായി ബോള്‍ ട്രാക്കിങ് വീഡിയോ സംപ്രേക്ഷണം ചെയ്തു. എന്നാല്‍ എവരെയും ഞെട്ടിച്ചു കൊണ്ട് റീപ്ലേയില്‍ സ്റ്റമ്പില്‍ തട്ടാതെ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഈ സംഭവം ബോള്‍ ട്രാക്കിങ് ടെക്‌നോളജിയുടെ കൃത്യത ചോദ്യം ചെയ്തു. ഹോക് ഐയുടെ ഉപജ്ഞാതാവ് ഡോക്ടര്‍ പോള്‍ ഹോകിന്‍സ് പറയുന്നത് ഒരു സെന്റിമീറ്റര്‍ വരെ അളവുകളില്‍ വ്യത്യാസം വരാം.

3- ഈ വര്‍ഷം ജനുവരിയില്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പന്ത്രാണ്ടം ഓവറില്‍ അശ്വിന്‍ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ പാഡില്‍ തട്ടുന്നു. കളിയിലെ ഏറ്റവും വിലയേറിയ വിക്കറ്റ് ആയതു കൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ നിരസിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹനെ സഹ കളിക്കാരോട് ചര്‍ച്ച ചെയ്തതിനു ശേഷം റിവ്യൂ എടുത്തു. റീപ്ലേയില്‍ അമ്പയെസ് കാള്‍ ആണെന്ന് തെളിഞ്ഞു. അമ്പയറുടെ തീരുമാനം നോട്ടോട്ട് ആയതിനാല്‍ സ്മിത്ത് തന്റെ ബാറ്റിംഗ് തുടര്‍ന്നു. അമ്പയെസ് കാള്‍ ആയതിനാല്‍ ഇന്ത്യയ്ക്ക് റിവ്യൂയും നഷ്ടമായില്ല. പക്ഷെ റിവ്യൂവില്‍ സ്റ്റമ്പ് വലതുവശത്തേക്ക് നീങ്ങിയതായും 4ആമത്തെ സ്റ്റമ്പില്‍ പന്ത് കൊള്ളുന്നത് പോലെ ആണ് എന്ന് ആളുകള്‍ കണ്ടെത്തി. ഈ ഒരു പ്രവര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ റിവ്യൂ രക്ഷിക്കാന്‍ സാധിച്ചു. പക്ഷേ ബോള്‍ ട്രാക്കിങ് ടെക്‌നോളജിയ്ക്ക് എതിരെ നിരവധി പ്രമുഖര്‍ പ്രതിഷേധം അറിയിച്ചു.
ഇത്തരത്തില്‍ ഹോക് ഐ ടെക്‌നോളജിയ്ക്ക് തെറ്റുകള്‍ സംഭവിച്ച ധാരാളം സന്ദര്‍ഭങ്ങള്‍ വേറെയും ഉണ്ട്. ഹോക് ഐ ടെക്‌നോളജി എന്താണ് എന്നും, അമ്പയെസ് കോളിന്റെ പ്രസക്തി എന്താണ് എന്ന് ബോധ്യപ്പെടുത്താനും ആണ് ഞാന്‍ ഇവിടെ ശ്രമിച്ചത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like