ഇതിഹാസമായിരുന്നു, എന്നിട്ടും ആരും ആഘോഷിച്ചില്ല, അവഗണനയോട് പോരാടിയാണ് അവന്‍ ലോകം കീഴടക്കിയത്

പ്രണവ് തെക്കേടത്ത്

മുരളി എന്ന സ്പിന്‍ മാന്ത്രികന്‍ അരങ്ങു വാണിരുന്ന കാലഘട്ടത്തില്‍ കളിക്കളത്തിലേക്ക് കാലെടുത്തു വെക്കാന്‍ വിധിക്കപെട്ട രംഗനാ ഹെറാത് ചിലപ്പോഴെങ്കിലും താന്‍ ജനിച്ചു വീണ കാലഘട്ടത്തെ പഴിച്ചു കാണും. അതെ ഒരു പതിറ്റാണ്ടോളം അയാള്‍ക്ക് മുരളിയുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനായിരുന്നു വിധി.

ആ കാലഘട്ടത്തില്‍ സ്പിന്നര്‍ എന്ന് പറഞ്ഞാല്‍ ശ്രീലങ്കക്കാര്‍ക്ക് മുരളിയായിരുന്നു അയാളെ മറികടന്നൊരു നാമം വന്നു ചേരാന്‍ സാധിക്കാത്ത വിധം മുരളി വിക്കറ്റുകള്‍ കൊയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രീലങ്കന്‍ മാനേജ്‌മെന്റ്‌നും നായകനും മറ്റൊരു സ്പിന്നറെ അന്വേഷിക്കേണ്ട കാര്യവും നിലനിന്നിരുന്നില്ല.

800 വിക്കറ്റുകള്‍ എന്ന അത്ഭുതപ്പെടുത്തുന്ന റെക്കോര്‍ഡുമായി ആ മഹാന്‍ കളിക്കളം വിടാന്‍ തയ്യാറായപ്പോഴായിരുന്നു അയാളുടെ പിന്‍ഗാമിയെ ആ ബോര്‍ഡ് അന്വേഷിച്ചത് അവിടെ മുരളിയുടെ നിഴലിന് കീഴെ ജീവിതം കഴിച്ചു കൂട്ടിയ ആ കുറിയ മനുഷ്യനില്‍ ആ അന്വേഷണം അവസാനിച്ചു.

1999ല്‍ അരങ്ങേറ്റം കുറിച്ച ഹെറാത് പിന്നീടുള്ള 11 വര്‍ഷം കളിച്ചിരുന്നത് വെറും 22 ടെസ്റ്റുകളായിരുന്നു, ഓരോ വര്‍ഷത്തിലും വെറും 2 ടെസ്റ്റെന്ന കണക്ക്. പക്ഷെ ശുഭാപ്തി വിശ്വാസത്തോടെ അയാള്‍ കളിക്കളത്തില്‍ നിന്നകലാതെ തന്റെ കഴിവുകള്‍ മൂര്‍ച്ച കൂട്ടി കാത്തിരുന്നപ്പോള്‍ കാലം അദ്ദേഹത്തിന് ലോകം കണ്ട എക്കാലത്തെയും മികച്ച ഇടതു കയ്യനായ സ്പിന്നറെന്ന കിരീടം ചാര്‍ത്തി നല്‍കി.

മുരളിയുടെ ആ പ്രഭാവലയമൊന്നും അവകാശ പെടാനില്ലെങ്കിലും ആ ഡിപ്പിംഗ് ടെര്‍ണും, സ്പീഡിലെ വാരിയേഷനുകളും അയാളെ ശ്രീലങ്കന്‍ പിച്ചുകളില്‍ അപകടകാരിയാക്കി മാറ്റിയിരുന്നു, മെന്‍ഡിസിനു മുന്നേ കാരം ബോള്‍ പോലും ലോകത്തിന് അയാള്‍ പരിചയപെടുത്തിയിരുന്നു,

മുരളിയുടെ ലെഗസി അയാള്‍ കാത്തു സൂക്ഷിച്ചു മുന്നേറിയപ്പോള്‍ ഒരുപാട് റെക്കോര്‍ഡുകളും പിന്നീട് അയാളുടെ പേരില്‍ എഴുതി ചേര്‍ക്കപെട്ടിരുന്നു, സ്പിന്നര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ലോകത്തിന് മുന്നിലേക്ക് വരുന്ന പേരുകള്‍ വോണ്‍, മുരളി, കുംബ്ല എന്നിവരാണ് അവിടെ പലരും ഹെറാത്തിനെ ഉള്‍ക്കൊള്ളിക്കാന്‍ വിമുഖത കാണിക്കുന്നു. ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ നാലാമത്തെ സ്പിന്നര്‍ അദ്ദേഹമാണ്, മുരളിക്കും വോണിന് ശേഷം ടെസ്റ്റില്‍ കൂടുതല്‍ പത്തു വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും ആ മനുഷ്യനാണ്.

മുരളിയുടെ വിടവാങ്ങലിന് മുന്നേ കളിച്ച 22 ടെസ്റ്റുകളില്‍ നിന്നയാള്‍ സ്വന്തമാക്കിയിരുന്നത് 77 വിക്കറ്റുകളായിരുന്നു. ആ ചെറുപ്പക്കാരന്‍ ആ കാലങ്ങളില്‍ ഇറങ്ങിയിരുന്ന ഓരോ കളികളിലും മുരളിയെന്ന ലോകോത്തര നാമം അയാള്‍ക്ക് സമ്മര്‍ദ്ദം നല്കിയിട്ടുണ്ടാവാം കാരണം മുരളിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് തനിക്ക് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ ഭാവി എന്താവുമെന്നുള്ള ചിന്തയും അയാളിലൂടെ കടന്നു പോയി കാണും.

എന്നാല്‍ മുരളി കളിക്കളം വിട്ടപ്പോഴേക്കും അയാളില്‍ ആ പക്വത വന്നിരുന്നു, തന്റെ കഴിവുകള്‍ സമ്മര്‍ദത്തില്‍ അടിപതറാതെ വിനിയോഗിക്കാനുള്ള ആ മനോ ധൈര്യം അയാളിലേക്ക് വന്നു ചേര്‍ന്നിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് മുരളിയുടെ വിടവാങ്ങലിന് ശേഷം കളിച്ച 71 ടെസ്റ്റുകളില്‍ നിന്നയാള്‍ സ്വന്തമാക്കിയ 362 വിക്കറ്റുകള്‍.

2010ന് ശേഷം ആന്‍ഡേഴ്‌സണ്‍ മാത്രമായിരുന്നു ഹെറാത്തിനേക്കാള്‍ വിക്കറ്റുകള്‍ നേടിയിരുന്നത്.ആന്‍ഡേഴ്‌സണ്‍ 417 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 28 ടെസ്റ്റുകള്‍ ഹെറാത്തിനേക്കാള്‍ കൂടുതലായി കളിക്കുകയും ചെയ്തു. ഓരോ വയസ്സ് കൂടുമ്പോഴും അയാളുടെ മികവ് വര്ധിക്കുന്നതായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഴിച്ചത് തന്റെ 33ആം ജന്മദിനത്തിന് ശേഷം ഹെറാത് സ്വന്തമാക്കിയത് 352 വിക്കറ്റുകളായിരിന്നു ആ കണക്കിന് അടുത്തു പോലും മറ്റൊരു നാമം പോലുമില്ല.

ഫോര്‍ത് ഇന്നിങ്‌സിലെ രാജാവായാണ് ആ മരതക ദ്വീപുകാരന്‍ അറിയപെടുന്നത് വോണിന് ശേഷം ഫോര്‍ത് ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് നേടിയ നാമമാണ് അയാളുടേത്, ടെസ്റ്റിലെ ഫൈനല്‍ ഇന്നിങ്‌സില്‍ അയാളേക്കാള്‍ 5 വിക്കറ്റ് സ്വന്തമാക്കിയ മറ്റാരും കളിക്കളത്തില്‍ ജന്‍മം കൊണ്ടിട്ടുമില്ല.

ശ്രീലങ്ക ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് ജയിച്ചപ്പോള്‍ അതിന് പിറകിലും ഒന്‍പത് വിക്കറ്റുകള്‍ സ്വന്തമാക്കി കളിയിലെ കേമനായി മാറിയത് ഹെറാതായിരുന്നു. 2014ലെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് ശ്രീലങ്ക ഉയര്‍ത്തിയതിന് പിന്നിലും ഹെറാത്തിന്റെ പോരാട്ട വീര്യം നിഴലിച്ചു നിന്നത് നമുക്ക് കാണാം, വെറും 3 റണ്‍ മാത്രം വിട്ടുനല്‍കി അയാള്‍ നേടിയ 5 വിക്കറ്റുകളായിരുന്നു ശ്രീലങ്കയെ ഫൈനലിലേക്ക് ആനയിച്ചത് പോലും, ആ സ്‌പെല്ലിനെ ആ ഡെക്കേഡിലെ മികച്ച സ്‌പെല്ലായി വിസ്ഡന്‍ തിരഞ്ഞെടുക്കുകയുമുണ്ടായി….

ഹെറാത് അദ്ദേഹത്തിന് ഒരു ക്രിക്കറ്ററുടെ ശരീര ഭാഷയൊന്നും ഉണ്ടായിരുന്നില്ല, അയാള്‍ മുരളിയെ പോലെ അല്ലെങ്കില്‍ വോണിനെ പോലെ ഒരുപാട് കഴിവുകളുടെ നിലവറയും അല്ലായിരുന്നു, പക്ഷെ കളിയോടുള്ള ആത്മസമര്‍പ്പണവും, കഠിനാധ്വാനവും ബാറ്റ്സ്മാന്മാരുടെ മനസ്സ് വായിച്ചു പന്തെറിയുവാനുള്ള ആ മിടുക്കും അയാളെ ക്രിക്കറ്റിലെ തന്നെ ഒരു ഇതിഹാസമാക്കി മാറ്റിയപ്പോഴും, ആരാലും ആഘോഷിക്കപ്പെടാത്ത അയാള്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മുന്‍ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്…..

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോട്ടേഴ്‌സ്

 

You Might Also Like