ഹാൻഡ് ബോളായിട്ടും ലിവർപൂളിന് ഗോൾ അനുവദിച്ചു, വീഡിയോ റഫറി എന്തിനെന്ന് ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്. സലാ, ജോട്ട എന്നിവർ രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ മറ്റു രണ്ടു ഗോളുകൾ കോഡി ഗാക്പോ, ഡാർവിൻ നുനസ് എന്നീ താരങ്ങളുടെ വകയായിരുന്നു.

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ലീഡ്‌സ് അഞ്ചിലധികം ഗോളുകൾ വഴങ്ങുന്നത്. ക്രിസ്റ്റൽ പാലസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയ ടീമാണ് ഇന്നലെ ഒന്നിനെതിരെ ആറു ഗോളുകൾ വഴങ്ങിയത്. അതേസമയം മത്സരത്തിൽ റഫറി തങ്ങൾക്കെതിരെ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ലീഡ്സ് ആരാധകർ.

മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയത് ഡച്ച് താരമായ ഗാക്പോയായിരുന്നു. ഈ ഗോളിലേക്കുള്ള നീക്കം ആരംഭിക്കുന്നത് തന്നെ അർനോൾഡിന്റെ ഹാൻഡ് ബോളിലൂടെ ആയിരുന്നു. ലീഡ്‌സ് താരം ജൂനിയർ ഫിർപ്പോ പന്തുമായി മുന്നേറാൻ ശ്രമിച്ചത് അർനോൾഡിന്റെ കയ്യിൽ കൊണ്ടു. ഈ പന്തുമായി മുന്നേറിയാണ് താരം ഗാക്പോക്ക് അസിസ്റ്റ് നൽകിയത്.

ഇത്രയും കൃത്യമായ ഒരു ഹാൻഡ് ബോൾ ആയിരുന്നിട്ടു കൂടി റഫറി ഗോൾ നിഷേധിക്കാതിരുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ലീഡ്‌സ് ലിവർപൂളിനെതിരെ കളിച്ചതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നും ഇതേ മത്സരത്തിൽ എതിരാളികൾ ഏതെങ്കിലും ചെറിയ ടീമുകൾ ആയിരുന്നെങ്കിൽ ആ ഗോൾ നിഷേധിക്കുമായിരുന്നുവെന്നും അവർ പറയുന്നു.

മത്സരത്തിൽ വമ്പൻ വിജയം നേടിയത് യൂറോപ്യൻ യോഗ്യത നേടാനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ്. ടോപ് ഫോറിലെത്താൻ ബുദ്ധിമുട്ടാണെങ്കിലും യൂറോപ്പ് ലീഗ് ലിവർപൂളിന് അപ്രാപ്യമല്ല. നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ നിൽക്കുന്നത്.

You Might Also Like